അബുദാബി: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അബുദാബിയിലെ ഖലീഫ ഇൻഡസ്ട്രിയൽ സോൺ (KEZAD) പ്രത്യേക സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.
അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണം തടഞ്ഞുവെങ്കിലും, തകർന്നുവീണ അവശിഷ്ടങ്ങൾ നിലത്തേക്ക് വീണതിനെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായാണ് സ്ഥിരീകരണം. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തിന്റെ ആഘാതത്തിൽ KEZAD മേഖലയിലെ രണ്ടിടങ്ങളിൽ തീപ്പിടിത്തം ഉണ്ടായതായും അധികൃതർ അറിയിച്ചു. അഗ്നിശമന സേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. വലിയ സാമ്പത്തിക നഷ്ടമോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
