തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വർധനയെ ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ല, വില കൂടിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വില നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രം അതിന്റെ ഭാഗമായി നികുതി കുറച്ചല്ലോ, വില കൂട്ടിയാലെ നിലവിലെ സാഹചര്യം നിയന്ത്രിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന ലഭ്യത ഇല്ലാതെ ആവില്ല. സംസ്ഥാനം നികുതി ഇളവ് കൊടുക്കണം എന്ന് പറയാനാകില്ല. അയൽ രാജ്യങ്ങളിലെ വില അപേക്ഷിച്ച് ഇന്ത്യയിൽ വില കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ ഇന്ധനവില വർധന ഒഴിവാക്കാനാകില്ലെന്നും വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ധനവില കൂടിയത് നമ്മുടെ ഇഷ്ടപ്രകാരം സംഭവിച്ചതല്ല. വില നിയന്ത്രിക്കുന്നതിനായി കേന്ദ്രം നേരത്തേ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചില വില വർധനകൾ അനിവാര്യമാണ്. ഇന്ധന ലഭ്യത ഉറപ്പാക്കേണ്ടതും പ്രധാനമാണ്,” – സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളിക്കളഞ്ഞു. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഇന്ധനവില ഇപ്പോഴും താരതമ്യേന കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
