ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവെ, ഇന്ത്യൻ ക്യാമ്പിൽ അപ്രതീക്ഷിത മാറ്റങ്ങൾ. ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരം യുവതാരം ആയുഷ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ താരം പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും, പരമ്പരയുടെ ഭാഗധേയം നിർണ്ണയിക്കുന്ന അവസാന മത്സരത്തിൽ ബദോനി അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
ബദോനിയുടെ ടീമിലേക്കുള്ള കടന്നുവരവ് ചില വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ഐപിഎല്ലിലും ഇന്ത്യ എ ടീമിനായും ഡൽഹി താരം കാഴ്ചവെച്ച സ്ഥിരതയാർന്ന പ്രകടനമാണ് സെലക്ഷന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള ബദോനി, പല കാരണങ്ങൾ കൊണ്ടും നേരത്തെ അർഹതയുണ്ടായിട്ടും ടീമിൽ ഇടം കിട്ടാതെ പോയ താരമാണെന്നും ഒരു പുതിയ പ്രതിഭയ്ക്ക് അവസരം നൽകുക എന്നത് ടീമിന്റെ ലക്ഷ്യമാണെന്നും കൊട്ടക് കൂട്ടിച്ചേർത്തു. ഇതുവരെ 27 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഉൾപ്പെടെ 693 റൺസ് ബദോനി നേടിയിട്ടുണ്ട്.
അതേസമയം, രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡ് പരമ്പരയിൽ ശക്തമായി തിരിച്ചെത്തി. ഇന്ത്യ ഉയർത്തിയ 285 റൺസ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ കിവികൾ മറികടന്നു. ഡാരിൽ മിച്ചലിന്റെ തകർപ്പൻ സെഞ്ച്വറിയും വിൽ യങ്ങിന്റെ അർധസെഞ്ച്വറിയുമാണ് ന്യൂസിലാൻഡിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നതിനാൽ, നിലവിൽ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. ഇതോടെ അവസാന ഏകദിനം ഒരു ഫൈനലിന്റെ ആവേശം പകരുമെന്ന് ഉറപ്പായി.
