തമിഴ് ചലച്ചിത്ര താരം മൃണാളിനി രവി മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് എസ്യുവിയായ BE.06 ബാറ്റ്മാൻ എഡിഷൻ സ്വന്തമാക്കി. ക്രിസ്റ്റഫർ നോളന്റെ ‘ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്. 27.79 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ സിനിമാ നടിയാണ് മൃണാളിനി. സൂപ്പർ ഡീലക്സ്, എനിമി, കോബ്ര തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് മൃണാളിനി ശ്രദ്ധ നേടിയത്.
തുടക്കത്തിൽ 300 യൂണിറ്റുകൾ മാത്രം ഇറക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നതെങ്കിലും, വലിയ പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഇത് 999 കാറുകളായി വർദ്ധിപ്പിച്ചു. 79 kWh വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് ഈ ലിമിറ്റഡ് എഡിഷൻ ഒരുക്കിയിരിക്കുന്നത്.
ബാറ്റ്മാൻ എഡിഷൻ എസ്യുവിക്ക് എക്സ്ക്ലൂസീവ് സാറ്റിൻ ബ്ലാക്ക് പെയിന്റ് സ്കീമാണ് നൽകിയിരിക്കുന്നത്. കസ്റ്റം ബാറ്റ്മാൻ ഡീക്കൽ, 20 ഇഞ്ച് അലോയ് വീലുകൾ, ഗോൾഡ്-പെയിന്റ് ചെയ്ത സസ്പെൻഷൻ എലമെന്റുകൾ എന്നിവ പുറംഭാഗത്തെ പ്രത്യേകതകളാണ്. കൂടാതെ, ബാറ്റ് എംബ്ലം ക്വാർട്ടർ പാനലുകൾ, റിയർ ബമ്പർ, റിയർ വിൻഡ്സ്ക്രീൻ എന്നിവിടങ്ങളിൽ കാണാം.
അകത്തളത്തിലും ബാറ്റ്മാൻ തീം നിറഞ്ഞുനിൽക്കുന്നു. ബ്രഷ്ഡ് ആൽക്കെമി ഗോൾഡിൽ നമ്പർ പതിച്ച ബാറ്റ്മാൻ എഡിഷൻ പ്ലാക്ക്, ഗോൾഡ് ആക്സന്റുകളുള്ള സ്റ്റിയറിംഗ് വീൽ, സീറ്റുകളിലും ഇന്റീരിയർ എലമെന്റുകളിലുമായി എംബോസ് ചെയ്ത ബാറ്റ് എംബ്ലം എന്നിവ സവിശേഷതകളാണ്. ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേയിൽ ബാറ്റ്മാൻ എഡിഷൻ വെൽക്കം ആനിമേഷനും ഉൾപ്പെടുന്നു.
