സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ പ്രഭാസ് നായകനാകുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ റിലീസായതിന് പിന്നാലെ പ്രഭാസിന്റെയും ഷാരൂഖ് ഖാന്റെയും ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ വലിയ തർക്കം ഉടലെടുത്തു. ടീസറിൽ പ്രഭാസിന്റെ പേര് എഴുതി കാണിച്ചത് ‘ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരം’ എന്ന വിശേഷണത്തോടെയായിരുന്നു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഇന്ത്യയ്ക്കകത്തും പുറത്തും ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയ ഷാരൂഖ് ഖാൻ ഉള്ളപ്പോൾ പ്രഭാസിനെ ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്റെ സാംഗത്യം എന്താണെന്നായിരുന്നു ഷാരൂഖ് ഖാൻ ആരാധകരുടെ ചോദ്യം. എന്നാൽ ഇതിന് ശക്തമായ മറുപടിയുമായി പ്രഭാസ് ആരാധകരും രംഗത്തെത്തി.
ഇന്ത്യൻ സിനിമാ വ്യവസായത്തെ പ്രധാനമായും നോർത്ത്, സൗത്ത് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഈ രണ്ട് മേഖലകളിലും തന്റെ ചിത്രങ്ങൾക്ക് ഒരേ അളവിലുള്ള കളക്ഷൻ നേടാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു നടൻ പ്രഭാസ് മാത്രമാണ്. ഈ തെളിയിക്കപ്പെട്ട വസ്തുതയുടെ അടിസ്ഥാനത്തിൽ പ്രഭാസ് തന്നെയാണ് ആ വിശേഷണത്തിന് അനുയോജ്യൻ എന്നും പ്രഭാസ് ആരാധകർ വാദിക്കുന്നു.
ഇരുവരുടെയും അവസാന അഞ്ച് ചിത്രങ്ങളുടെ കളക്ഷൻ കണക്കിലെടുത്താൽ നിലവിൽ ഷാരൂഖ് ഖാനാണ് മുൻതൂക്കം. എങ്കിലും, പ്രഭാസിന്റെ പാൻ ഇന്ത്യൻ വളർച്ചയ്ക്ക് അധികം പഴക്കമില്ലാത്തതിനാൽ ആ താരതമ്യം എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവില്ല. ‘ബാഹുബലി’ക്ക് ശേഷം വന്ന ചില ചിത്രങ്ങൾ പ്രഭാസിന് നിരാശ സമ്മാനിച്ചെങ്കിലും, സലാർ, കൽക്കി തുടങ്ങിയ ചിത്രങ്ങൾ പാൻ ഇന്ത്യൻ തലത്തിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.
പ്രഭാസിന് ഈ വിശേഷണം സമ്മാനിച്ചത് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയാണെങ്കിലും, അദ്ദേഹം ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനാണെന്ന് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ‘സ്പിരിറ്റ്’ ചിത്രത്തിൽ പ്രഭാസ് പോലീസ് വേഷത്തിലെത്തും. പ്രഭാസിനൊപ്പം പ്രകാശ് രാജ്, തൃപ്തി ധിംരി, വിവേക് ഒബ്റോയ്, കാഞ്ചന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
