മൂന്നാം ബലാത്സംഗ പരാതിയിലും മുൻ കേസുകൾക്ക് സമാനമായി ‘ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം’ എന്ന വാദത്തിലൂന്നി രക്ഷപ്പെടാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നീക്കമെന്ന് സൂചന. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വാദം കോടതിയിൽ നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിവാഹിതരും വീട്ടമ്മമാരും ഉൾപ്പെടെയുള്ളവർക്ക് വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്യുന്ന രീതിയാണ് പ്രതി പിന്തുടരുന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ അന്വേഷണമാണ് നടക്കുന്നത്.
കസ്റ്റഡിയിലെടുത്ത ശേഷം ആറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനോട് തികഞ്ഞ നിസ്സംഗതയാണ് രാഹുൽ പ്രകടിപ്പിച്ചത്. പല നിർണ്ണായക ചോദ്യങ്ങൾക്കും മൗനം പാലിച്ച താരം, തെളിവുകൾ മുന്നിൽ നിരത്തിയുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തയ്യാറായില്ല. “എന്തെങ്കിലും അറിയാനുണ്ടെങ്കിൽ അഭിഭാഷകനോട് ചോദിക്കൂ” എന്ന മറുപടിയാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവർത്തിച്ചത്.
പ്രതിയുടെ നിസ്സഹകരണ പശ്ചാത്തലത്തിൽ ഡിഎൻഎ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് ശക്തമായി മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശനിയാഴ്ച അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിന്റെ കേസിൽ ജനുവരി 11 തിങ്കളാഴ്ച കോടതി വാദം കേൾക്കും.
