ഇന്ത്യക്കെതിരെ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തനായി നായകൻ ടെംബാ ബാവുമ ടീമിലേക്ക് തിരിച്ചെത്തി എന്നതാണ് പ്രധാന ആകർഷണം. തുടയിലേറ്റ പരിക്കുകാരണം ബാവുമയ്ക്ക് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ഏയ്ഡൻ മാർക്രം ആയിരുന്നു ദക്ഷിണാഫ്രിക്കയെ നയിച്ചത്.
പാകിസ്ഥാനെതിരായ പരമ്പരയിൽ കളിച്ച ഭൂരിഭാഗം താരങ്ങളെയും നിലനിർത്തിയാണ് ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുന്ന വെടിക്കെട്ട് ബാറ്റർ ഡെവാൾഡ് ബ്രെവിസ് ടീമിൽ തന്റെ സ്ഥാനം നിലനിർത്തി.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം നവംബർ 14 മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആരംഭിക്കും. നവംബർ 22 മുതൽ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ്. ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ഗുവാഹത്തിയിലെ ആദ്യ മത്സരം കൂടിയാകും ഇത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം
ടെംബാ ബാവുമ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, സുബൈർ ഹംസ, സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, വിയാൻ മൾഡർ, സെനുരാൻ മുത്തുസാമി, കാഗിസോ റബാഡ, റിയാൻ റിക്കിൾടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ല്‍ വെരിയെന്നെ.
