GOOGLE-MAPS-680x450

വാഹനമോടിക്കുമ്പോൾ ഫോണിൽ നോക്കി വഴി കണ്ടെത്തുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ഈ പ്രശ്‌നത്തിന് വിരാമമിട്ട്, ഇന്ത്യയിലെ ഡ്രൈവിംഗ് കൂടുതൽ മികച്ചതും സുരക്ഷിതവുമാക്കാൻ ലക്ഷ്യമിട്ട് ഗൂഗിൾ പുതിയ 10 ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനം, ജെമിനൈ എഐ പിന്തുണയോടെ ഗൂഗിൾ മാപ്പിൽ അവതരിപ്പിച്ച വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറാണ്. കൈകൾ ഉപയോഗിക്കാതെ, ശബ്ദ നിർദേശങ്ങളിലൂടെ ഗൂഗിൾ മാപ്പുമായി സംസാരിക്കാനും യാത്രചെയ്യുന്ന വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഇനി ഡ്രൈവർമാർക്ക് സാധിക്കും. ഇന്ത്യയിലെ ഗൂഗിൾ മാപ്പിലെ ഏറ്റവും വലിയ എഐ സംയോജനമായിരിക്കും ഇത്.

ജെമിനൈ എഐയുടെ മാജിക്: സംസാരിക്കുന്ന ഗൂഗിൾ മാപ്പ്

 

വാഹനമോടിക്കുമ്പോൾ ശ്രദ്ധ തെറ്റാതെ തന്നെ മാപ്പിലെ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. ‘ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പ് കണ്ടെത്തുക’, ‘ഫീനിക്‌സ് മാളിലെ പാർക്കിംഗ് എങ്ങനെയുണ്ട്?’, ‘അടുത്തുള്ള ഒരു റെസ്റ്റോറന്റ് കണ്ടെത്തി അവിടേക്ക് നാവിഗേറ്റ് ചെയ്യുക’ തുടങ്ങിയ ആവശ്യങ്ങൾ ഇനി വോയ്‌സ് അസിസ്റ്റന്റിനോട് പറയാം. ജെമിനൈ എഐയുടെ പിന്തുണയിൽ പ്രവർത്തിക്കുന്നതിനാൽ, ഉപയോക്താവിൻ്റെ സ്വാഭാവികമായ സംസാരശൈലി ഗൂഗിൾ മാപ്പിന് വേഗത്തിൽ മനസിലാക്കാൻ സാധിക്കും.

ജിമെയിൽ അല്ലെങ്കിൽ കലണ്ടർ ആക്‌സസ് ചെയ്യാൻ അനുമതി നൽകുകയാണെങ്കിൽ, ലൊക്കേഷനുമായി ബന്ധപ്പെട്ട കലണ്ടർ ഇവന്റുകളും റിമൈന്ററുകളും സെറ്റ് ചെയ്യാനും ഈ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗപ്രദമാകും.

ഗവൺമെന്റ് വകുപ്പുകളുമായും നഗര ട്രാഫിക് അധികാരികളുമായും സഹകരിച്ചാണ് റോഡ് സുരക്ഷ ഉറപ്പാക്കുന്ന നിരവധി ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിച്ചത്.

മാപ്പ് നാവിഗേഷൻ ഉപയോഗിക്കാത്ത സന്ദർഭങ്ങളിൽ പോലും, റോഡിലെ കാലതാമസം, തടസങ്ങൾ എന്നിവ സംബന്ധിച്ച അറിയിപ്പ് നൽകും. (തുടക്കം: ഡൽഹി, മുംബൈ, ബെംഗളൂരു). ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അടുക്കുമ്പോൾ സുരക്ഷിതമായ ഡ്രൈവിംഗിന് പ്രോത്സാഹനം നൽകാനായി വിഷ്വൽ, വോയിസ് മുന്നറിയിപ്പുകൾ നൽകും. (തുടക്കം: ഗുരുഗ്രാം, ഹൈദരാബാദ് സൈബരാബാദ് മേഖല, ചണ്ഡീഗഡ്, ഫരീദാബാദ്). ട്രാഫിക് വകുപ്പുകളിൽ നിന്ന് ലഭിച്ച ഔദ്യോഗിക വേഗപരിധികൾ ആപ്പ് സ്പീഡോമീറ്ററിന് അടുത്തായി പ്രദർശിപ്പിക്കും. (തുടക്കം: മുംബൈ, കൊൽക്കത്ത, ജയ്പൂർ, ലഖ്‌നൗ, നോയിഡ ഉൾപ്പെടെ 9 നഗരങ്ങൾ).

NHAI പങ്കാളിത്തം: ദേശീയ പാതകളിൽ തത്സമയ വിവരങ്ങൾ

 

ദേശീയ പാതകളിലെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (NHAI) ഗൂഗിൾ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ദേശീയ പാതകളിലെ റോഡ് അടച്ചുപൂട്ടലുകൾ, അറ്റകുറ്റപ്പണികൾ, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ തുടങ്ങിയവയെക്കുറിച്ച് തത്സമയ വിവരങ്ങൾ ഈ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും.

ഇന്ത്യൻ യാത്രികർക്കുള്ള മറ്റ് പ്രധാന അപ്ഡേറ്റുകൾ

ഇന്ത്യയിലെ വലിയ ഇരുചക്രവാഹന ഉപഭോക്താക്കളെയും മെട്രോ യാത്രികരെയും ലക്ഷ്യമിട്ടുള്ളതാണ് മറ്റ് അപ്ഡേറ്റുകൾ. ഇരുചക്രവാഹന ഉപഭോക്താക്കൾക്കായി വിവിധ ശൈലികളിലും നിറങ്ങളിലുമുള്ള വ്യക്തിഗത ബൈക്ക് ഐക്കണുകൾ ഗൂഗിൾ മാപ്പിൽ ചേർത്തിട്ടുണ്ട്. സങ്കീർണ്ണമായ കവലകളും എലവേറ്റഡ് റോഡുകളും എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നതിനായി ഫ്‌ലൈഓവറുകൾക്കായുള്ള പുതിയ വോയിസ് നിർദ്ദേശങ്ങൾ ഒമ്പത് ഇന്ത്യൻ ഭാഷകളിൽ വരുന്നുണ്ട്. ഡൽഹി, ബെംഗളൂരു, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ള മെട്രോ ബുക്കിംഗ് പിന്തുണയ്ക്ക് പുറമെ, ഗൂഗിൾ വാലറ്റ് പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മെട്രോ ടിക്കറ്റുകൾ മാപ്‌സിൽ നേരിട്ട് സേവ് ചെയ്യാനും സ്റ്റേഷനുകളിൽ വേഗത്തിൽ പ്രവേശിക്കാനും സഹായിക്കും. മുംബൈയിൽ ഉടൻ ഈ സൗകര്യം ലഭ്യമാവും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *