നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വാട്ട്‌സ്ആപ്പ് മാറിയതോടെ, അതിന്റെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചാറ്റുകൾ, കോളുകൾ, കൈമാറ്റം ചെയ്യുന്ന ഫയലുകൾ എന്നിവയ്‌ക്കെല്ലാം നിലവിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോം, ഇപ്പോൾ ചാറ്റ് ബാക്കപ്പുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങുകയാണ്. സുരക്ഷയുടെ അടുത്ത തലമായ പാസ്‌കീ (Passkey) ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പുകൾ ലഭ്യമാക്കുന്ന ഫീച്ചറാണ് വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്നത്. പാസ്‌വേഡ് ഇല്ലാത്ത ഡിജിറ്റൽ അക്കൗണ്ടുകൾക്കുള്ള ഏറ്റവും പുതിയ സുരക്ഷാ രീതിയാണിത്. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.
എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ ഉപയോഗിക്കുമ്പോൾ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഉള്ളടക്കം സുരക്ഷിതമാക്കാൻ ഫിംഗർപ്രിന്റ് സെൻസറോ ഫേസ് ഐഡിയോ പോലുള്ള ബയോമെട്രിക് ഓപ്ഷനുകൾ ഉപയോഗിക്കാൻ സാധിക്കും.
ഇതിനുമുമ്പ്, ബാക്കപ്പ് ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിനായി ഒരു പാസ്‌വേഡോ അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീയോ സജ്ജീകരിക്കാൻ വാട്ട്‌സ്ആപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് എല്ലാ ഉപയോക്താക്കൾക്കും എളുപ്പമുള്ള കാര്യമല്ലായിരുന്നു, ചിലപ്പോൾ പാസ്സ്‌വേർഡ് മറന്നുപോയാൽ ഉള്ളടക്കം നഷ്ടപ്പെടാനും സാധ്യതയുണ്ടായിരുന്നു
പാസ്‌കീകൾ വരുന്നതോടെ, ലളിതമായ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ചാറ്റുകൾക്ക് സംരക്ഷണം സജ്ജീകരിക്കാൻ കൂടുതൽ ആളുകൾക്ക് സാധിക്കും. ഇത് ലോക്ക് ഔട്ട് ആകുമെന്ന (അക്കൗണ്ട് നഷ്ടപ്പെടുമെന്ന) ആശങ്കയില്ലാതെ സുരക്ഷാ ഓപ്ഷൻ ഉപയോഗിക്കാൻ സഹായിക്കുന്നു. ഗൂഗിൾ ക്ലൗഡിൽ ബാക്കപ്പ് ചെയ്യുന്ന ഉള്ളടക്കത്തിന് കൂടുതൽ സുരക്ഷ നൽകാനും അതുവഴി കൂടുതൽ ഉപയോക്താക്കളെ ക്ലൗഡ് ബാക്കപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കാനും ഈ ഫീച്ചർ സഹായിക്കും.
വരും ആഴ്ചകളിലും മാസങ്ങളിലും ഈ സവിശേഷത വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകും. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഈ സവിശേഷത ലഭ്യമായാൽ, താഴെ പറയുന്ന ഘട്ടങ്ങൾ പാലിച്ച് എൻക്രിപ്ഷൻ ഓൺ ചെയ്യാം:
വാട്ട്‌സ്ആപ്പ് തുറക്കുക.
മൂന്ന് ഡോട്ട് മെനുവിലോ (ആൻഡ്രോയിഡ്) പ്രൊഫൈൽ ഐക്കണിലോ (ഐഒഎസ്) ക്ലിക്ക് ചെയ്യുക.
ക്രമീകരണങ്ങളിലേക്ക് (Settings) പോകുക.
താഴേക്ക് സ്ക്രോൾ ചെയ്ത് ചാറ്റുകൾ (Chats) തിരഞ്ഞെടുക്കുക.
ചാറ്റ് ബാക്കപ്പിൽ (Chat Backup) ടാപ്പ് ചെയ്യുക.
ഫീച്ചർ ഓണാക്കാൻ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പിൽ (End-to-end Encrypted Backup) ക്ലിക്ക് ചെയ്യുക.
തുടർന്ന്, ബാക്കപ്പ് ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിനായി ഡിഫോൾട്ട് ചോയ്‌സായി പാസ്‌കീ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.
പാസ്‌കീ സുരക്ഷയ്ക്ക് പുറമെ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകളുടെയും മീഡിയ ഫയലുകളുടെയും സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗ്ഗവും ഉടൻ ലഭ്യമാകും.
നിങ്ങളുടെ അക്കൗണ്ടിലെ ഓരോ ചാറ്റും എത്രത്തോളം സ്റ്റോറേജ് ഉപയോഗിക്കുന്നു എന്ന് വ്യക്തിഗതമായി പരിശോധിക്കാൻ കഴിയുന്ന ഒരു പുതിയ ഓപ്ഷൻ പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നുണ്ട്. നിലവിൽ സ്റ്റോറേജ് ആക്‌സസ് ചെയ്യാനും കൈകാര്യം ചെയ്യാനും വാട്ട്‌സ്ആപ്പ് ഒരു ഏകീകൃത മാർഗ്ഗം നൽകുന്നുണ്ടെങ്കിലും, ഏത് ഫയലാണ് കൂടുതൽ സ്റ്റോറേജ് എടുക്കുന്നതെന്ന് വ്യക്തമായ വിശദാംശങ്ങൾ അത് നൽകുന്നില്ല. പുതിയ ഫീച്ചർ ഈ പ്രശ്നം പരിഹരിക്കും.
