Home » Blog » Kerala » ഇനി ‘ആമസോണിലും’ ആദൂര്‍ കുരുമുളകിന്റെ എരിവും ഗുണവും! രണ്ട് ആഴ്ചയ്ക്കകം വിപണിയില്‍
images - 2026-02-24T183313.581

ആദൂര്‍ ഗാളിമുഖം കുണ്ടാറിലെ കശുമാവ് സന്തതി തോട്ടം പുറത്തിറക്കുന്ന ജൈവ കുരുമുളകും കുരുമുളക് പൊടിയും ഓണ്‍ലൈന്‍ വിപണി രംഗത്ത് തരംഗമാകാന്‍ ഒരുങ്ങുന്നു. ഒരു തരത്തിലുമുള്ള രാസമരുന്നുകള്‍ ഉപയോഗിക്കാതെയും പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്തതുമായ ഉന്നത ഗുണനിലവാരമുള്ള രണ്ട് ഉത്പ്പന്നങ്ങളും ആദ്യഘട്ടത്തില്‍ ആമസോണ്‍ വഴിയും തുടര്‍ന്ന് മറ്റു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വിപണിയിലെത്തിക്കുക.

സംസ്ഥാന കൃഷിവകുപ്പ് നല്‍കുന്ന കേരള ഗ്രോ ബ്രാന്‍ഡിംഗോടെയാണ് കുരുമുളകും കുരുമുളക് പൊടിയും വിപണി കീഴടക്കാന്‍ എത്തുന്നത്. ഇതിനൊപ്പം ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

രണ്ടാഴ്ചയ്ക്കകം ഓണ്‍ലൈന്‍ വിപണിയിലെത്തുന്ന ഉത്പ്പന്നങ്ങള്‍ നിലവില്‍ കുണ്ടാറിലെ കശുമാവ് സന്തതി തോട്ടത്തില്‍ നേരിട്ടും വില്‍പ്പന നടത്തുന്നുണ്ട്. 100 ഗ്രാം, 250 ഗ്രാം പാക്കറ്റുകളിലാണ് കുരുമുളകും കുരുമുളക് പൊടിയും ലഭ്യമാകുക. സംസ്ഥാന കൃഷിവകുപ്പിന് കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഫാമാണ് കുണ്ടാറിലെ കശുമാവ് സന്തതി തോട്ടം ആദൂര്‍ ഗാളിമുഖം. ഫാമിന്റെ ഉത്പാദനവും മാനേജ്മന്റ്‌റും തൊഴിലാളികളെ നിയന്ത്രിക്കുന്നതും ആദൂര്‍ ഗാളിമുഖ സബ് ഡിവിഷനിലെ ചുമതലയുള്ള കൃഷി ഓഫീസറായ വി സൂരജ് ആണ്.

 

വില്‍പനയും വാങ്ങലും വികസന പദ്ധതികളുടെ നടപ്പിലാക്കലും കശുമാവ് വികസന ഓഫിസര്‍ മനു നരേന്ദ്രന്‍ നേതൃത്വം നല്‍കുന്നു. കൃഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ ഓഫ് കാഷ്യൂ നട്ട് ആന്‍ഡ് കൊക്കോ ഡെവലപ്പ്‌മെന്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് അക്രഡിറ്റേഷന്‍ കേരളത്തില്‍ ആദ്യമായി ലഭിച്ച സര്‍ക്കാര്‍ ഫാം എന്ന നേട്ടവും കശുമാവ് സന്തതി തോട്ടത്തിനുണ്ട്.

 

കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവാണ് ഫാമില്‍ രേഖപ്പെടുത്തിയത്. സങ്കരയിനം കശുമാവിന്‍ തൈകള്‍ക്കൊപ്പം കുരുമുളക്, മാവിന്‍ ഒട്ടുതൈകള്‍, കുറിയ ഇനം തെങ്ങിന്‍ തൈകള്‍, ഒട്ടുപ്ലാവ്, വിവിധയിനം നടീല്‍ വസ്തുക്കള്‍, മുന്തിയയിനം ചക്കകളും മാങ്ങകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഫാമില്‍ ലഭ്യമാണ്. ജൈവ കൃഷിയുടെ വിശ്വാസ്യതയും സര്‍ക്കാര്‍ പിന്തുണയുടെ കരുത്തും ഒന്നിക്കുന്ന കശുമാവ് സന്തതി തോട്ടം ഇനി ഓണ്‍ലൈന്‍ വിപണിയിലും സജീവ സാന്നിധ്യമാകും.