ന്യൂഡൽഹി: വനിത സംവരണ ബിൽ തെരഞ്ഞെടുപ്പ് ഭൂപടം തിരുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് വനിതാ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും ലോക്സഭയിൽ നടന്ന ചർച്ചയിൽ രാഹുൽ പറഞ്ഞു.
“സത്യത്തിനു വേണ്ടി നിലകൊള്ളാൻ എനിക്ക് പേടിയില്ല. വനിതകൾക്ക് വേണ്ടിയുള്ളതാണെങ്കിൽ നിയമം ഈ നിമിഷം നടപ്പിലാക്കണം. പുതിയ ബില്ലിന് രാഷ്ട്രീയം മാത്രം. രാഷ്ട്രീയ ലക്ഷ്യം നേടാൻ വനിതകളെ മറയാക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി ഈ ബില്ല് ഒന്നും ചെയ്യുന്നില്ല. ബിജെപിക്ക് അധികാരത്തിൽ തുടരാൻ വേണ്ടിയുള്ള ബില്ലാണിത്. ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ, ചെറുസംസ്ഥാനങ്ങളുടേയും പ്രാതിനിധ്യം തട്ടിയെടുക്കുന്നു. രാജ്യവിരുദ്ധമായ പ്രവൃത്തിയാണിത്. പിന്നാക്ക വിഭാഗത്തിന്റെ അധികാരം കവരാനുള്ള ശ്രമമാണ് നടക്കുന്നത്.
ദളിത്, ഒബിസി, ആദിവാസി എന്നിവർക്ക് വേണ്ടി എന്താണ് ചെയ്യുന്നത്. ഒബിസി വിഭാഗങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നുള്ളത് രാജ്യത്തിനു അറിയാം. ദളിതർക്കും ഒബിസിയ്ക്കും ഒരുസ്ഥാനവും ബിജെപി നൽകുന്നില്ല. പൊതു മേഖലയിൽ ഇവരെ തടഞ്ഞു. പിന്നാക്കക്കാർക്ക് അധികാരത്തിൽ ഇടം നൽകുന്നില്ല. ദലിതരെ ഹിന്ദുവെന്ന് വിളിക്കുന്നു, എന്നാൽ അവർക്ക് അധികാരം നൽകുന്നില്ല. ജാതി സെൻസസ് പാർലമെന്റിലെ പ്രാതിനിധ്യത്തിനായി ഉപയോഗിക്കുമോ? എന്നതാണ് യഥാർഥ ചോദ്യം. ഒബിസിക്കാർക്ക് അധികാരവും പ്രാതിനിധ്യവും നൽകുന്നത് ഒഴിവാക്കാൻ ശ്രമം നടത്തുന്നു. ജാതി സെൻസസിനെ അട്ടിമറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒബിസിയ്ക്ക് അധികാരം നിഷേധിക്കുകയാണ് അജണ്ട. ദേശവിരുദ്ധ ബില്ലിനെ തോൽപ്പിക്കണം.” – രാഹുൽഗാന്ധി സഭയിൽ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. മോദിയെ കൺകെട്ടുകാരനെന്ന് വിളിച്ച അദ്ദേഹം, ബാലക്കോട്ടിന്റെ, നോട്ടുനിരോധനത്തിന്റെ, ഓപ്പറേഷൻ സിന്ദൂറിന്റെ ഇന്ദ്രജാലക്കാരനാണ് പ്രധാനമന്ത്രി എന്നും പറഞ്ഞു. ഇന്ദ്രജാലക്കാരനും വ്യവസായിയും തമ്മിലെ ബന്ധം വളരെ ശക്തമാണെന്നും അത് പുറത്തുകാണാത്തതുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
എന്നാൽ, രാഹുൽ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രതിനിധി. അപമാനിച്ചത് ശരിയല്ല. ജാലവിദ്യക്കാരൻ എന്ന പരാമർശം സഭ ചട്ട വിരുദ്ധമാണെന്നും കിരൺ റിജിജു പറഞ്ഞു. രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ പലതവണ ഇടപ്പെട്ട സ്പീക്കർ, സഭയുടെ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശവും നൽകി.
