ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും നീണ്ട ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ബിസിസിഐയുടെ നിർദ്ദേശപ്രകാരമാണ് സൂപ്പർ താരങ്ങൾ വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയത്. ഇരുവരും സെഞ്ച്വറികളുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും ആരാധകരെ അമ്പരപ്പിക്കുന്നത് ഇവർക്ക് ലഭിക്കുന്ന പ്രതിഫലത്തിലെ വലിയ വ്യത്യാസമാണ്.
പ്രതിഫല കണക്കുകൾ ഇങ്ങനെ
ഐപിഎല്ലിലൂടെ കോടികൾ വാരിക്കൂട്ടുന്ന ഈ താരങ്ങൾക്ക് വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ലഭിക്കുന്നത് താരതമ്യേന വളരെ ചെറിയ തുകയാണ്. 40-ൽ കൂടുതൽ ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച മുതിർന്ന താരങ്ങളുടെ ഗണത്തിലാണ് കോഹ്‌ലിയും രോഹിത്തും ഉൾപ്പെടുന്നത്. ഈ വിഭാഗത്തിലുള്ള താരങ്ങൾക്ക് ഒരു മത്സരത്തിന് 60,000 രൂപ മാത്രമാണ് ലഭിക്കുന്നത്.
ദേശീയ ടീമിന് വേണ്ടി ഒരു ഏകദിന മത്സരം കളിക്കുമ്പോൾ ബിസിസിഐ നൽകുന്ന 6 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പത്തിലൊന്ന് മാത്രമാണ്. ഐപിഎൽ പ്രതിഫലത്തിന്റെ ഏഴയലത്ത് പോലും ഈ തുക എത്തുന്നില്ലെങ്കിലും, ഏകദിന ക്രിക്കറ്റിൽ ഫോം നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ കർശന നിലപാടിന് വഴങ്ങിയാണ് താരങ്ങൾ മൈതാനത്തിറങ്ങിയത്. നിലവിൽ ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
