സംസ്ഥാനത്ത് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ എൽ-നിനോ പ്രതിഭാസം ശക്തമാകുന്നതാണ് മൺസൂണിനെ ബാധിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ പ്രതീക്ഷിച്ച മഴ ലഭിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മഴ കുറയുന്നതിനൊപ്പം സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഏപ്രിൽ 14 വരെ പത്തോളം ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാനിടയുണ്ട്. പത്തനംതിട്ടയിൽ 36°C വരെ ചൂട് അനുഭവപ്പെട്ടേക്കാം.
അന്തരീക്ഷത്തിലെ ഈർപ്പവും ഉയർന്ന താപനിലയും ചേരുന്നതോടെ മലയോര മേഖലകളിലൊഴികെ വല്ലാത്ത അസ്വസ്ഥതയും ഉഷ്ണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. വേനൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും നിലവിലെ ചൂടിൽ നിന്ന് പെട്ടെന്നൊരു മോചനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
