ഇന്ത്യൻ സിനിമാ ലോകം ബോക്‌സ് ഓഫീസ് കളക്ഷനുകളുടെ പുതിയ ഉയരങ്ങൾ തേടുമ്പോൾ, വമ്പൻ താരങ്ങളെപ്പോലും അമ്പരപ്പിച്ച് മുന്നേറുകയാണ് 66-കാരനായ സഞ്ജയ് ദത്ത്. 1000 കോടി ക്ലബ്ബിൽ ഇടം പിടിച്ച നാല് ചിത്രങ്ങളിൽ ഭാഗമായ ഏക ഇന്ത്യൻ താരം എന്ന റെക്കോർഡാണ് ഇപ്പോൾ സഞ്ജയ് ദത്തിന് സ്വന്തമായിരിക്കുന്നത്. ബോളിവുഡിലെ നായക വേഷങ്ങളിൽ നിന്ന് മാറി തെന്നിന്ത്യൻ സിനിമകളിലെ കരുത്തുറ്റ വില്ലൻ വേഷങ്ങളിലേക്കും സഹനടൻ വേഷങ്ങളിലേക്കും മാറിയതാണ് സഞ്ജയ് ദത്തിന്റെ കരിയറിൽ ഈ അവിശ്വസനീയമായ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഷാരൂഖ് ഖാൻ, പ്രഭാസ് തുടങ്ങിയ വൻനിര താരങ്ങളെ പിന്തള്ളിക്കൊണ്ടാണ് അദ്ദേഹം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
യഷിന്റെ ‘കെ.ജി.എഫ്. ചാപ്റ്റർ 2’ എന്ന ചിത്രത്തിലെ അധീര എന്ന വില്ലൻ വേഷത്തിലൂടെയാണ് സഞ്ജയ് ദത്ത് ആദ്യമായി 1000 കോടി ക്ലബ്ബിൽ പ്രവേശിച്ചത്. തുടർന്ന് ഷാരൂഖ് ഖാൻ ചിത്രം ‘ജവാ’നിലെ അതിഥി വേഷവും അദ്ദേഹത്തിന് കരുത്തായി. ഇതിന് പിന്നാലെ എത്തിയ ‘ധുരന്ധർ’, ‘ധുരന്ധർ 2’ എന്നീ ചിത്രങ്ങളുടെ കൂറ്റൻ വിജയത്തോടെ സഞ്ജയ് ദത്തിന്റെ 1000 കോടി ചിത്രങ്ങളുടെ എണ്ണം നാലായി ഉയർന്നു. നിലവിൽ ഷാരൂഖ് ഖാൻ, പ്രഭാസ്, രൺവീർ സിങ് എന്നിവർക്ക് രണ്ട് വീതം ചിത്രങ്ങൾ മാത്രമാണ് ഈ ക്ലബ്ബിലുള്ളത്. നായികമാരുടെ പട്ടികയിൽ മൂന്ന് ചിത്രങ്ങളുമായി ദീപിക പദുകോൺ ആണ് സഞ്ജയ് ദത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഭാവിയിൽ രാജമൗലി-മഹേഷ് ബാബു ടീമിന്റെ ‘വാരാണസി’, രൺബീർ കപൂർ നായകനാകുന്ന ‘രാമായണ’ സീരീസ് തുടങ്ങിയ വൻകിട ചിത്രങ്ങൾ 1000 കോടി ക്ലബ്ബ് ലക്ഷ്യമിട്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇത് സംഭവിക്കുന്നതോടെ മഹേഷ് ബാബു, രൺബീർ കപൂർ തുടങ്ങിയവർ ആദ്യമായി ഈ നേട്ടത്തിലെത്തും. ആമിർ ഖാൻ ‘ഗജിനി’യിലൂടെ തുടക്കമിട്ട 100 കോടി ക്ലബ്ബിൽ നിന്ന് ഇന്ത്യൻ സിനിമ ഇന്ന് 1000 കോടിയുടെ സുവർണ്ണ കാലഘട്ടത്തിലേക്ക് വളരുമ്പോൾ, സഞ്ജയ് ദത്ത് എന്ന മുതിർന്ന താരത്തിന്റെ ഈ കുതിപ്പ് സിനിമാ ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്
