ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. പേമാരിയെത്തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുകളും മലവെള്ളപ്പാച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുമളി മേഖലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കുമളിയിൽ തോട് കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ട ഒരു വീട്ടിൽ കുടുങ്ങിയ അഞ്ചുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1) എന്നിവരാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റപ്പെട്ടത്. സമീപവാസികളായ 42 കുടുംബങ്ങളെ മുൻകരുതലിന്റെ ഭാഗമായി അടുത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇന്ന് രാവിലെ 8 മണിക്ക് 13 ഷട്ടറുകൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സെക്കൻഡിൽ 5000 ഘനയടി വെള്ളം വരെയായിരിക്കും പെരിയാർ നദിയിലേക്ക് ഒഴുക്കിവിടുക.
