2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ആറ് പന്തിൽ ആറ് സിക്സറുകൾ പറത്തിയത് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക നിമിഷമാണ്. എന്നാൽ ആ മത്സരത്തിന് ശേഷം നടന്ന ഹൃദയസ്പർശിയായതും ഒപ്പം നാടകീയവുമായ ചില കാര്യങ്ങൾ യുവരാജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.
യുവരാജിന്റെ സിക്സർ മഴയ്ക്ക് ശേഷം ആ മത്സരത്തിലെ മാച്ച് റഫറിയും സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവുമായ ക്രിസ് ബ്രോഡ് യുവരാജിനെ നേരിട്ട് കാണാൻ എത്തി. “നീ എന്റെ മകന്റെ കരിയർ ഏകദേശം അവസാനിപ്പിച്ചു” എന്നായിരുന്നു വേദനയോടെ അദ്ദേഹം യുവിയോട് പറഞ്ഞത്. എന്നാൽ തനിക്കും ഒരോവറിൽ അഞ്ച് സിക്സറുകൾ വഴങ്ങിയ ചരിത്രമുണ്ടെന്നും ആ വേദന തനിക്ക് അറിയാമെന്നും യുവരാജ് അദ്ദേഹത്തിന് മറുപടി നൽകി.
മകന് വേണ്ടി ഒരു ജേഴ്സിയിൽ ഒപ്പിട്ടു നൽകാൻ ക്രിസ് ബ്രോഡ് ആവശ്യപ്പെട്ടതനുസരിച്ച് യുവരാജ് തന്റെ ഒരു ഇന്ത്യൻ ജേഴ്സി സമ്മാനിച്ചു. “എനിക്കും അഞ്ച് സിക്സറുകൾ കിട്ടിയിട്ടുണ്ട്, അതിന്റെ വിഷമം എനിക്കറിയാം. നീ ലോകത്തിലെ മികച്ച ബൗളറായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന് അതിൽ യുവി എഴുതിയിരുന്നു. എന്നാൽ ആ ജേഴ്സി കയ്യിൽ കിട്ടിയ സ്റ്റുവർട്ട് ബ്രോഡ് ദേഷ്യം കൊണ്ട് അത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് പിന്നീട് അറിഞ്ഞതായി യുവരാജ് പറഞ്ഞു.
ആ കനത്ത പ്രഹരത്തിൽ തളരാതെ പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ 600-ലധികം വിക്കറ്റുകൾ നേടി സ്റ്റുവർട്ട് ബ്രോഡ് വിരമിച്ചതിനെ യുവരാജ് ഏറെ പ്രശംസിച്ചു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ സംഭവത്തോടെ കരിയർ തകരുമായിരുന്നുവെന്നും എന്നാൽ ബ്രോഡ് ഒരു യഥാർത്ഥ പോരാളിയാണെന്നും യുവരാജ് കൂട്ടിച്ചേർത്തു.
