ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരമായ ജഹനാര ആലം, ടീമിൻ്റെ മുൻ മാനേജർക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി രംഗത്ത്. 2022-ലെ വനിതാ ലോകകപ്പിനിടെ ടീം മാനേജ്‌മെൻ്റിലെ പലരിൽ നിന്നും മോശം സമീപനം ഉണ്ടായതായാണ് താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
മഞ്ജുരുൾ ഇസ്ലാം എന്ന മാനേജ്‌മെൻ്റ് ഭാഗമായ വ്യക്തിയാണ് തന്നെ ആദ്യമായി മോശമായി സമീപിച്ചതെന്ന് ജഹനാര വ്യക്തമാക്കി. ഇദ്ദേഹം ഒരിക്കൽ തൻ്റെ അടുത്ത് വന്ന് തോളിൽ കൈവച്ച്, “ആർത്തവം എത്ര ദിവസമായി, കഴിയുമ്പോൾ പറയണം” എന്ന് ചെവിയിൽ ചോദിച്ചതായി താരം വെളിപ്പെടുത്തി.
“പലപ്പോഴും കാര്യങ്ങൾ തുറന്നു പറയണമെന്ന് തോന്നിയതാണ്. എന്നാൽ തങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ഒരു ടീമെന്ന നിലയിൽ നിൽക്കുമ്പോൾ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയില്ല,” ജഹനാര പറയുന്നു. തനിക്ക് പലതവണ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ, താരം ബംഗ്ലാദേശ് വനിതാ ടീമിൻ്റെ ഭാഗമല്ല. ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് ജഹനാര ആലം.
