കേന്ദ്രസർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽ നിന്ന് സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാൻ വേണ്ടി മാത്രമാണെന്നും, ഈ വിഷയത്തിൽ കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന് പി.എം ശ്രീ പദ്ധതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംസ്ഥാനത്തിന് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര പദ്ധതികളെ എതിർക്കുമെന്നും അറിയിച്ചു. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിത്. വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതിയിൽപ്പെട്ടവർക്കും അർഹമായ 1500 കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതില്ല എന്നതിനാലാണ് ഫണ്ട് വാങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് അർഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ല.
പദ്ധതി നടപ്പാക്കിയാലും പാഠപുസ്തകം ഇറക്കുന്നതിനുള്ള അധികാരം എസ്.സി.ഇ.ആർ.ടി.ക്ക് ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൻ്റെ തെറ്റായ സിലബസ് ഇവിടെ നടപ്പാക്കില്ല. കേരളത്തിൽ ആർ.എസ്.എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല എന്നും അത് കെ സുരേന്ദ്രൻ്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പുവെക്കുന്നതിന് മുൻപ് നിയമോപദേശം തേടിയിരുന്നുവെന്നും, പദ്ധതിയിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. നിലവിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഒരു കാരണവശാലും പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
