hq720

ധനകാര്യ മന്ത്രാലയം. ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന ബോധവത്കരണ കാംപെയിൻ്റെ ഭാഗമായി ജില്ലയിൽ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എ. ഡി. എം ആശ സി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. അവകാശികളില്ലാതെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കിടക്കുന്ന പണം ഉടമകൾക്ക് തിരികെ നൽകുവാനായി ധനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.

വൈ. എം. സി. എയിൽ സംഘടിപ്പിച്ച ക്യാമ്പിൽ 203 പേർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2369 അപേക്ഷകളിലായി 2,61,86,000 രൂപ ഇതുവരെ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജർ എം. അരുൺ പറഞ്ഞു. ഈ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 128 കോടി രൂപയാണ് അവകാശികൾ ഇല്ലാത്ത നിക്ഷേപമായി കണ്ടെത്തിയിട്ടുള്ളത്.

നിക്ഷേപകർ മരിച്ചു പോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല. പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകളുമായി എത്തിയ അവകാശികൾക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാമ്പില്‍ നിന്ന് നൽകി. തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

ചടങ്ങിൽ ആലപ്പുഴ എസ് ബി ഐ റീജയണൽ മാനേജർ ടി. വി മനോജ്‌, നബാർഡ് ഡിഡിഎം മിനു അൻവർ വിവിധ ബാങ്ക് ഉദ്യോഗസ്ഥർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *