Home » Blog » Kerala » ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി, അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; പച്ചമാംസം കൈകാര്യം ചെയ്യുന്നവർക്ക് കർശന നിർദ്ദേശം
BIRD-680x450

ലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനി ഇതുവരെ കേരളത്തിൽ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

രോഗവ്യാപനം തടയാൻ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും ചെയ്തു. പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, ഫാമുകളിൽ ജോലി ചെയ്യുന്നവർ, പച്ചമാംസം കൈകാര്യം ചെയ്യുന്നവർ എന്നിവർ നിർബന്ധമായും മാസ്‌കും കൈയുറകളും ധരിക്കേണ്ടതാണ്.

പക്ഷിപ്പനി ബാധിച്ച പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ തൊഴിൽപരമായ ആവശ്യങ്ങൾക്കായി മാംസം കൈകാര്യം ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പക്ഷികളുടെ പച്ചമാംസമോ പകുതി വേവിച്ച മാംസമോ ഒരു കാരണവശാലും കഴിക്കരുത്. ഇറച്ചിയും മുട്ടയും ഉയർന്ന താപനിലയിൽ നന്നായി വേവിച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പകുതി പുഴുങ്ങിയ മുട്ടകൾ ഒഴിവാക്കേണ്ടത് രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.

പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ കണ്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കണം. തൂവൽ കൊഴിച്ചിൽ, തീറ്റ കഴിക്കാൻ മടി, ശ്വാസതടസ്സം, കൊക്കിലും തലയിലും നീർക്കെട്ട് എന്നിവ പക്ഷികളിലെ പ്രധാന രോഗലക്ഷണങ്ങളാണ്. സസ്തനികളിലും പെട്ടെന്നുള്ള മരണം കണ്ടാൽ അധികൃതരെ അറിയിക്കേണ്ടതാണ്. ശക്തമായ പനി, ശരീരവേദന, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാൻ മന്ത്രി നിർദ്ദേശം നൽകി. രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പരിശീലനം ലഭിച്ച വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. മരുന്നുകളും പി.പി.ഇ കിറ്റുകളും ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ ഫീൽഡ് തലത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.