Home » Blog » Kerala » ആരോഗ്യ പരിരക്ഷയ്ക്ക് കേരളത്തിന് 2,459 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്

കേരളത്തിലെ വയോജനങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ആരോഗ്യ പരിരക്ഷയ്ക്കായി 28 കോടി ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്. ഏകദേശം 2,459 കോടി രൂപയാണ് വായ്പയായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 1.1 കോടിയോളം വയോജനങ്ങളും ദുർബല വിഭാഗങ്ങളുമാണുള്ളത്. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ലക്ഷ്യങ്ങൾ:
കേരളത്തിന്റെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുളള പരിപാടിയിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന് സമഗ്രമായ പുരോഗതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ വയോജനങ്ങളുടെ ആയുർദൈർഘ്യവും ജീവിത നിലവാരവും ഉയർത്താനാണ് ശ്രമിക്കുന്നത്.

അസുഖങ്ങൾ ട്രാക്ക് ചെയ്യൽ: സംസ്ഥാനത്ത് രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള 90 ശതമാനത്തിലധികം രോഗികളെയും വ്യക്തിഗത ഇലക്ട്രോണിക് സംവിധാനം വഴി ട്രാക്ക് ചെയ്യാനും പിന്തുണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

ഗൃഹാധിഷ്ഠിത പരിചരണം: കിടപ്പിലായ, വീടിനുള്ളിൽ ഒതുങ്ങിപ്പോയ വയോജനങ്ങൾക്കായി സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന ഗൃഹാധിഷ്ഠിത പരിചരണ മാതൃക സ്ഥാപിക്കും.

ഡിജിറ്റൽ ആരോഗ്യസംവിധാനം: വികസിപ്പിച്ച ഇ-ഹെൽത്ത് സേവനങ്ങൾ, സംയോജിത ഡാറ്റാ പ്ലാറ്റ്‌ഫോമുകൾ, സൈബർ സുരക്ഷാ സംവിധാനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.

കാലാവസ്ഥാ പ്രതിരോധശേഷിയുള്ള സംവിധാനം: വയനാട്, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആഘാതങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ആരോഗ്യ സംവിധാനം നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഇന്റർനാഷണൽ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിൽ നിന്നാണ് 25 വർഷത്തെ കാലാവധിയും അഞ്ച് വർഷത്തെ ഗ്രേസ് പിരീഡുമുള്ള ഈ വായ്പ അനുവദിച്ചിട്ടുള്ളത്. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങൾ നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനും ഈ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *