Home » Blog » Kerala » ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കി: മന്ത്രി വീണാ ജോർജ്
Veena-George-1-680x450

 

മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

 

ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കിയതായി ആരോഗ്യ, കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിനൊപ്പം ആവശ്യമായ ഉപകരണങ്ങളും അനുവദിച്ചിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങൾക്കും മറ്റ് സജ്ജീകരണങ്ങൾക്കുമായി 28 കോടി രൂപ അനുവദിച്ചു.

 

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളം മാറി. എട്ട് കോടിയിൽ ഒതുങ്ങിയിരുന്ന കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ഒപിയുടെ എണ്ണം ഇന്ന് 13 കോടിയിലെത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പേ വാർഡിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

 

 

 

ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര ജില്ലാ ആശുപത്രി നാല് മാസത്തിനുള്ളിൽ പൂർണ്ണ സജ്ജമാകുമെന്നും ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്ന ആശുപത്രിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാനായതായും അദ്ദേഹം പറഞ്ഞു.

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടി രൂപയാണ് മാവേലിക്കര ജില്ലാ ആശുപത്രിക്കായി അനുവദിച്ചത്. ഇതിൽ 102.8 കോടി രൂപ വിനിയോഗിച്ച് ഏഴ് നിലകളിലായി 2.2 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. അത്യാഹിതവിഭാഗം, സിടി സ്കാൻ, റേഡിയോളജി, ഫാർമസി, മോഡുലർ ഒപി വിഭാഗങ്ങൾ, 90 അടിയന്തിര ചികിത്സ കിടക്കകൾ ഉൾപ്പെടെ 325 പുതിയ കിടക്കകൾ,

ആദ്യ ഘട്ടത്തിൽ ഏഴ് ശസ്ത്രക്രിയ മുറികൾ, ആധുനിക ബ്ലഡ് സെൻ്റർ, ലാബ്, ‘ലക്ഷ്യ’ (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ്) നിലവാരത്തിലുള്ള പ്രസവമുറികൾ, നവജാതശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തിയുണ്ടാകും. കേന്ദ്രീകൃത ഓക്‌സിജൻ വിതരണം, കേന്ദ്രീകൃത ശീതീകരണം, ആധുനിക രീതിയിലുള്ള അണുനശീകരണ സംവിധാനം, രണ്ട് ജനറേറ്റർ, അഗ്നിശമന സംവിധാനങ്ങൾ, ദ്രവ മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കും.

 

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, മാവേലിക്കര നഗരസഭാധ്യക്ഷ ലളിതാ രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മധുസൂദനൻ, സി അനു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, പ്രിയ വിനോദ്, രാജേഷ് കുമാർ, എസ് ശോഭന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്തംഗങ്ങളായ റ്റി വിശ്വനാഥൻ, ബിനി ജയിൻ, ബി രാജലക്ഷ്മി, അഡ്വ. അനില രാജു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി സുജാത, നഗരസഭാംഗം സജിനി ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.