Home » Blog » Kerala » ‘ആരോഗ്യ’മില്ലാതെ വീണ, ഒരു റൗണ്ടിൽ പോലും മുന്നിലെത്തിയില്ല; ആറന്മുളയിൽ മന്ത്രിയെ മലർത്തിയടിച്ച് അബിൻ വർക്കി
5

പത്തനംതിട്ട: ഹാട്രിക് വിജയം ലക്ഷ്യമിട്ട് ആറന്മുള മണ്ഡലത്തിൽ മത്സരിച്ച മന്ത്രി വീണാ ജോർജിനു വമ്പൻ തോൽവി. കഴിഞ്ഞ തവണ 19,003 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മന്ത്രി ഇത്തവണ കന്നിമത്സരത്തിന് ഇറങ്ങിയ യുഡിഎഫിലെ അബിൻ വർക്കി കോടിയാട്ടിനോട്ടു 18,985 വോട്ടിനു പരാജയപ്പെട്ടു. കഴിഞ്ഞവർഷം വീണാ ജോർജ് നേടിയ ഭൂരിപക്ഷത്തെക്കാൾ വെറും 18 വോട്ടിന്റെ കുറവ് മാത്രമേ യുഡിഎഫിനുള്ളൂ. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ തന്നെ അബിൻ വർക്കി ലീഡ് ഉറപ്പിച്ചിരുന്നു. ഒരു റൗണ്ടിൽ പോലും മുൻപിലെത്താൻ മന്ത്രിക്കു കഴിഞ്ഞില്ല. ഒരു പഞ്ചായത്തിൽ പോലും ലീഡ് നിലനിർത്താനും കഴിഞ്ഞില്ല. സംസ്ഥാന സർക്കാരിനെതിരെ ഈ തിരഞ്ഞെടുപ്പിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ചകളാണു യുഡിഎഫ് പ്രധാന രാഷ്ട്രീയായുധമാക്കിയത്.

ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും മണ്ഡലത്തിലെ വികസന മുരടിച്ചയും ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അബിൻ വർക്കി പ്രചാരണം ആരംഭിച്ചതു തന്നെ വേറിട്ട രീതിയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരപിഴവിനിരയായ ഉഷ ജോസഫിന്റെ കുടുംബമാണ് അബിനു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ മന്ത്രിക്കെതിരെയുള്ള ശക്തമായ പ്രചാരണ ആയുധമാക്കാനും യുഡിഎഫിനു കഴിഞ്ഞു.

യൂത്ത് കോൺഗ്രസ് നേതാവായ അബിൻ വർക്കിയിലൂടെ യുവാക്കളുടെയും ഭരണവിരുദ്ധ വികാരമുള്ളവരുടെയും വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. മുതിർന്ന നേതാവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെ തന്നെ കളത്തിലിറക്കിയതോടെ മണ്ഡലത്തിൽ ത്രികോണ മത്സരമായിരുന്നു ഇത്തവണ. ആശാവർക്കർമാരും മണ്ഡലത്തിൽ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയിരുന്നു. വെയിലും മഴയും കൊണ്ട് ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ 266 ദിവസം നീണ്ട സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിക്കു കഴിയാതെപോയതും തിരിച്ചടിയായിട്ടുണ്ടെന്നാണ് ഫലം സൂചിപ്പിക്കുന്നത്.