കൊച്ചി കോർപറേഷന്റെ പുതിയ മേയറെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് എറണാകുളത്ത് ചേരും. കെപിസിസി നിർദ്ദേശപ്രകാരം നടക്കുന്ന യോഗത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായം തേടും. മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്നും സമവായത്തിലൂടെ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്നും പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ദീപ്തി മേരി വർഗീസിനാണ് മേയർ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
മേയർ പദവി രണ്ടര വർഷം വീതം പങ്കിടുന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ദീപ്തിക്കൊപ്പം മിനി മോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഡിസംബർ 23-നുള്ളിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഭിന്നതകളില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നിർണായക യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചി കളമശ്ശേരിയിലെ ചാക്കോളാസ് കൺവെൻഷൻ സെന്ററിൽ ചേരും. എൽഡിഎഫിനേക്കാൾ 5.3 ശതമാനം വോട്ട് വിഹിതം അധികം നേടി തദ്ദേശ തലത്തിലുണ്ടായ രാഷ്ട്രീയ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാനുള്ള വിപുലമായ പ്രചാരണ തന്ത്രങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇതിന്റെ ഭാഗമായി നിയമസഭാ മണ്ഡലങ്ങളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും അനുയോജ്യമായ തെരഞ്ഞെടുപ്പ് പ്ലാനുകൾ ആവിഷ്കരിക്കാനും മുന്നണി ആലോചിക്കുന്നുണ്ട്. നിലവിൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളെ യുഡിഎഫിലേക്ക് എത്തിക്കുന്നതടക്കമുള്ള രാഷ്ട്രീയ നീക്കങ്ങളും വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിനുള്ള ഒരുക്കങ്ങളും ഇന്നത്തെ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
