ആപ്പിളിന്റെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഐഫോൺ 11 പ്രോ ഉൾപ്പെടെയുള്ള ചില ഉപകരണങ്ങളെ ആപ്പിൾ ഔദ്യോഗികമായി തങ്ങളുടെ ‘വിന്‍റേജ്’ പട്ടികയിൽ ഉൾപ്പെടുത്തി. ഒരു ഉൽപ്പന്നത്തിന്റെ വിൽപന അവസാനിപ്പിച്ച് അഞ്ച് വർഷം തികയുമ്പോഴാണ് ആപ്പിൾ അവയെ ഈ ഗണത്തിലേക്ക് മാറ്റുന്നത്. വിൽപന അവസാനിപ്പിച്ച് ഏഴ് വർഷം പിന്നിടുന്നതോടെ ഈ ഉപകരണങ്ങളെ ആപ്പിൾ ‘ഒബ്‌സലീറ്റ്’പട്ടികയിലേക്ക് മാറ്റും. എന്നാൽ വിന്‍റേജ് ലിസ്റ്റിലായെങ്കിലും ഐഫോൺ 11 പ്രോ ഇപ്പോഴും മികച്ച സോഫ്റ്റ്‌വെയർ പിന്തുണ നിലനിർത്തുന്നു എന്നതാണ് ശ്രദ്ധേയം. ഏറ്റവും പുതിയ ഐഒഎസ് 26 അപ്‌ഡേറ്റ് സ്വീകരിക്കാൻ ശേഷിയുള്ള ഏറ്റവും പഴയ ഐഫോൺ മോഡലുകളിൽ ഒന്നായി ഐഫോൺ 11 പ്രോ ഇപ്പോഴും തുടരുന്നു.
ആപ്പിള്‍ വിന്‍റേജ് പട്ടികയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയവ
ഐഫോണ്‍ 11 പ്രോ
ആപ്പിള്‍ വാച്ച് സീരീസ് 5
13-ഇഞ്ച് മാക്‌ബുക്ക് എയര്‍ (2020, ഇന്‍റല്‍)
ഐപാഡ് എയര്‍ (സെല്ലുലാര്‍ മോഡല്‍)
ഐഫോണ്‍ 8 പ്ലസ് (128 ജിബി വേരിയന്‍റ്)
ഐഫോൺ ‘വിന്‍റേജ്’ ആകുന്നു എന്നാൽ എന്താണ്?
ഒരു ഉൽപ്പന്നത്തിന്റെ ഔദ്യോഗിക വിൽപന അവസാനിപ്പിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴാണ് ആപ്പിൾ അതിനെ വിന്‍റേജ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വിന്‍റേജ് ലിസ്റ്റിൽ ഇടംപിടിച്ചു എന്നതുകൊണ്ട് ആ ഉപകരണം പെട്ടെന്ന് പ്രവർത്തനരഹിതമാകുമെന്നോ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നിലയ്ക്കുമെന്നോ അർത്ഥമില്ല. എന്നാൽ, ആപ്പിൾ നൽകുന്ന ഔദ്യോഗിക സർവീസ് സേവനങ്ങൾ അവസാനിക്കാറായി എന്നതിന്റെ സൂചനയാണിത്. ഇപ്പോള്‍ വിന്‍റേജ് പട്ടികയില്‍ ചേര്‍ത്ത ഐഫോണ്‍ 11 പ്രോ, ആപ്പിള്‍ വാച്ച് സീരീസ് 5 എന്നിവയ്‌ക്കുള്ള ആപ്പിളിന്‍റെ സര്‍വീസ് സേവനങ്ങള്‍ ഇനി അധിക കാലം ലഭിക്കില്ല.
വിന്‍റേജ് ഉപകരണങ്ങൾക്ക് ആവശ്യമായ സ്പെയർ പാർട്സുകൾ സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ആപ്പിൾ സർവീസ് സെന്ററുകൾ വഴി റിപ്പയർ ചെയ്തു നൽകുകയുള്ളൂ. ഭാഗങ്ങൾ ലഭ്യമല്ലെങ്കിൽ അറ്റകുറ്റപ്പണികൾ സാധ്യമാകില്ല. ഓരോ പ്രദേശത്തെയും സ്പെയർ പാർട്സുകളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവീസ് നൽകുക. അതിനാൽ 100 ശതമാനം സർവീസ് ഉറപ്പ് ആപ്പിൾ നൽകുന്നില്ല. വിൽപന അവസാനിപ്പിച്ച് ഏഴ് വർഷം പിന്നിടുന്നതോടെ ഉപകരണങ്ങൾ ഒബ്‌സലീറ്റ് പട്ടികയിലേക്ക് മാറും. ഈ ഘട്ടത്തിൽ ഹാർഡ്‌വെയർ അറ്റകുറ്റപ്പണികളോ റീപ്ലേസ്‌മെന്റോ ആപ്പിൾ പൂർണ്ണമായും നിർത്തിവെക്കും. മാക് ലാപ്‌ടോപ്പുകളുടെ വിൽപന കഴിഞ്ഞ് 10 വർഷം വരെ ബാറ്ററി റിപ്പയർ സേവനം ആപ്പിൾ നൽകാറുണ്ട്. എന്നാൽ ഇതും ബാറ്ററികളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കും.
