9bf91503251f0a5c38a01eb17ae337dc6e467ccba96a2e4e8ef858b155a63bcc.0

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ നവംബർ ഒന്നിനുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 ഭക്തർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. ഏകാദശി ദിനത്തോടനുബന്ധിച്ച് ദർശനത്തിനായി വൻതോതിൽ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിയതാണ് ദുരന്തത്തിന് കാരണമായത്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു.

ഒരു വർഷം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിലെ ഭക്തർ ഒത്തുകൂടുന്ന സ്ഥലം നിർമ്മാണത്തിലായിരുന്നു. പ്രവേശന, എക്സിറ്റ് പോയിന്റുകൾ ഒന്നായിരുന്നത് തിരക്ക് വർദ്ധിച്ചപ്പോൾ സ്ഥിതി വഷളാക്കി. ജനക്കൂട്ടം ഒന്നിച്ചു കുതിച്ചതോടെ ആളുകൾ നിലത്തുവീഴുകയും തിക്കിലും തിരക്കിലും പെടുകയുമായിരുന്നു.ദുരന്തസമയത്തെ അസ്വസ്ഥതയുളവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചുസംഘടകർ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ചകൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ, ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *