Home » Blog » Kerala » ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രസുകളെ നവീകരിക്കാന്‍ 100 കോടി ചിലവാക്കി; മുഖ്യമന്ത്രി
pinarayivijayan-kiCG-621x414LiveMint-1-560x414

 

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രസുകളെ നവീകരിക്കാന്‍ 100 കോടി ചിലവാക്കി; മുഖ്യമന്ത്രി

 

കാസര്‍ക്കോട് ജില്ലാ ഫാറം സ്റ്റോര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

 

ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവ് അച്ചടിരംഗത്ത് നൂതന മാറ്റങ്ങള്‍ക്കിടയാക്കിയെന്നും ആധുനിക സാങ്കേതികവിദ്യ അച്ചടിരംഗത്തും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രസുകള്‍ നവീകരിക്കാന്‍ 100 കോടി രൂപ ചിലവാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അച്ചടി വകുപ്പിന് കീഴിലുള്ള കാസര്‍കോട് ജില്ലയിലെ ഫാറം സ്റ്റോറിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വര്‍ഷത്തോടെ സര്‍ക്കാര്‍ പ്രസ്സുകള്‍ ആധുനീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും. ഫാറം സ്റ്റോറുമായി ബന്ധപ്പെട്ട പല ആവശ്യങ്ങള്‍ക്കും ഇനി പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ഇതര ജില്ലയെ ആശ്രയിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ പ്രസുകളുടെ അടച്ചുപൂട്ടല്‍ അല്ല സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വില്പനയ്ക്ക് വെച്ച പല പൊതുമേഖലാ സ്ഥാപനങ്ങളും വാങ്ങിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാറിന് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ തിരുവനന്തപുരം ഗവ:സെന്‍ട്രല്‍ പ്രസ്സിലേയും മണ്ണന്തല ഗവ:പ്രസ്സിലേയും സി.ടി.പി മെഷീനിന്റ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

 

കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ല പിന്നോട്ടല്ല മുന്നോട്ടാണ് എന്നതിന് തെളിവാണ് പുതിയ ഫാറം സ്റ്റോറിന്റെ ഉദ്ഘാടനമെന്ന് മന്ത്രി പറഞ്ഞു. അച്ചുനിരത്തി ദിവസങ്ങളെടുത്ത് അച്ചടിച്ചിരുന്ന കാലം മാറി, ഇന്ന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 30 മിനുറ്റ് കൊണ്ട് അച്ചടി സാധ്യമായി. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച അച്ചടി രംഗത്തെ പരിഷ്‌ക്കരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

 

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയായി. ചടങ്ങില്‍ കേരള സര്‍വീസ് റൂള്‍സ് പുസ്തകം മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്ന് കളക്ടറേറ്റ് ജീവനക്കാരി കെ.പി രൂപകലയും സേവന പുസ്തകം കളക്ടറേറ്റ് ജീവനക്കാരന്‍ അരുണ്‍ തോമസും ഏറ്റുവാങ്ങി. ഗസറ്റ് വിഞാപനത്തിനുള്ള അപേക്ഷ അബ്ദുള്‍ അഷ്‌റഫില്‍ നിന്ന് അച്ചടി വകുപ്പ് കണ്‍ട്രോളര്‍ ഓഫ് ഫോംസ് വി.ആര്‍ പ്രശാന്ത് കുമാര്‍ ഏറ്റുവാങ്ങി.

 

എ.ഡി.എം പി.അഖില്‍, കണ്‍ട്രോളര്‍ ഓഫ് ഫോംസ് വി.ആര്‍ പ്രശാന്ത് കുമാര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.എ മുഹമ്മദ് ഹനീഫ, വിവിധ സര്‍വീസ് സംഘടന പ്രതിനിധികളായ പി.വി സതീഷ് കുമാര്‍, വൈ.സന്തോഷ് കുമാര്‍, വി.ശോഭ, സുരേഷ് പെരിയങ്ങാനം, ഇ.വി രാജേഷ്, മധു കരിമ്പില്‍, കൊളത്തൂര്‍ നാരായണന്‍, കെ.എസ് ദിനേശ എന്നിവര്‍ സംസാരിച്ചു. വിവിധ ട്രേഡ് യൂണിയന്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികളും കളക്ടറേറ്റ് ജീവനക്കാരും പങ്കെടുത്തു. ചടങ്ങില്‍ ഗവണ്‍മെന്റ് പ്രസുകളുടെ സൂപ്രണ്ട് ടി.വീരാന്‍ സ്വാഗതവും ജില്ലാ ഫാറം ഓഫീസര്‍ കെ.വി ഷിനോദ് നന്ദിയും പറഞ്ഞു.

 

ഉദ്ഘാടനം ചെയ്തത് സംസ്ഥാനത്തെ പതിമൂന്നാമത്തെ ഫാറം സ്‌റ്റോര്‍

 

സംസ്ഥാനത്തെ പതിമൂന്നാമത്തെ ഫാറം സ്‌റ്റോറാണ് കാസര്‍കോട് ഉദ്ഘാടനം ചെയ്തത്. പേര്, ഒപ്പ്, മതം മാറ്റം, ജാതി തിരുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഫാറം സ്‌റ്റോറുകള്‍ വഴിയാണ്. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഫാറങ്ങളും രജിസ്റ്ററുകളും വകുപ്പുതല പരീക്ഷകള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും ഈ സ്‌റ്റോറില്‍ നിന്ന് വിതരണം ചെയ്യും. മുന്‍പ് കണ്ണൂരിലെ ഫാറം സ്‌റ്റോറില്‍ നിന്ന് ലഭ്യമായിരുന്ന സേവനങ്ങള്‍ ഇനി മുതല്‍ ജില്ലയിലെ പുതിയ സ്‌റ്റോറില്‍ ലഭിക്കും. പുതിയ ഫാറം സ്‌റ്റോര്‍ തുറന്നതോടെ ഗുണഭോക്താക്കളുടെ ദീര്‍ഘദൂര യാത്രയും ഒഴിവാകും. വിദ്യാനഗറില്‍ കാസര്‍കോട് കളക്ടറേറ്റിലെ സി ആന്റ് ഡി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഫാറം സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക.