മുംബൈ നഗരത്തിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ആഘോഷങ്ങൾ കഴിഞ്ഞിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും പടക്കം പൊട്ടിക്കൽ തുടരുന്നതാണ് നിലവിലെ മോശം അവസ്ഥയ്ക്ക് പ്രധാന കാരണം. ദീപാവലിയുമായി ബന്ധപ്പെട്ട പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി വർദ്ധിപ്പിച്ചു. ഇതോടെ താപനിലയും ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖല ജാഗ്രതയിലാണ്. ഉയർന്ന അന്തരീക്ഷ മലിനീകരണത്തോടൊപ്പം മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും താപനിലയും കൂടുതലാണ്.
മുംബൈ നഗരത്തിലെ ഐകോണിക് കേന്ദ്രങ്ങളായ മറൈൻ ലൈൻസ്, ഗേറ്റ് വേ, ജൂഹു, ബാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ദീപാവലി ആഘോഷങ്ങളുടെ നിറവിലായിരുന്നു. എന്നാൽ, നഗരത്തിൽ വായുമലിനീകരണം ഏറ്റവും രൂക്ഷമായത് ബാന്ദ്ര കുർള കോംപ്ലെക്സിലാണ്. ഇതിന് തൊട്ടുപിന്നാലെ കൊളാബ നേവി നഗർ, ദേവ്നാർ, വിലെ പാർലെ-അന്ധേരി തുടങ്ങിയ മേഖലകളിലും വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
