Home » Blog » Kerala » അസ്മി ‘ചിസൽ 2026’ സമാപിച്ചു; മികച്ച സ്ഥാപനങ്ങൾക്ക് അവാർഡ്
16

ചേളാരി: അസോസിയേഷൻ ഓഫ് സമസ്ത മൈനോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ മാനേജർ, പ്രിൻസിപ്പൽ, കോർഡിനേറ്റർ എന്നിവർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ‘ചിസൽ 2026’ വെളിമുക്ക് സി.പി ഓഡിറ്റോറിയത്തിൽ നടന്നു. ടി.വി ഇബ്രാഹിം എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു.അസ്മി കൺവീനർ ജനറൽ പി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

പുതുതായി അഫിലിയേഷൻ നേടിയ 35 സ്ഥാപനങ്ങളിലെ മേധാവികൾക്കായി സംഘടിപ്പിച്ച ‘ഹോപ് ആൻഡ് സ്കോപ്’ ഓറിയന്റേഷൻ പരിശീലനത്തിന് അസ്മി ചീഫ് എക്സിക്യൂട്ടീവ് കൺവീനർ റഹീം ചുഴലി നേതൃത്വം നൽകി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ആധുനിക മാനേജ്‌മെന്റ് രീതികളെക്കുറിച്ചുള്ള ചർച്ചകളും ശില്പശാലയുടെ ഭാഗമായി നടന്നു.

ഇൻസ്പെക്ഷൻ ഗ്രഡേഷനിൽ മികച്ച നിലവാരം പുലർത്തിയ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും ആർട്ടാലിയ ഫെസ്റ്റിന് ആതിഥേയത്വം വഹിച്ചവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചെമ്മാട്, ക്രസന്റ് റെസിഡൻഷ്യൽ സ്കൂൾ വെളിമുക്ക്, ദാറുസലാം സ്കൂൾ തെന്നല എന്നിവ എ ടു സ്റ്റാർ ഗ്രേഡ് കരസ്ഥമാക്കി മികച്ച സ്ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സക്കീർ ഹുസൈൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം അനുഗ്രഹ പ്രഭാഷണവും സമസ്ത മുശാവറ അംഗം ടി.കെ അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥനയും നിർവ്വഹിച്ചു. എസ്.വി മുഹമ്മദ് അലി, അഡ്വ. നാസർ കാളമ്പാറ, ഷിയാസ് അഹ്മദ് ഹുദവി, അബ്ദുൽമജീദ് പറവണ്ണ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകളെടുത്തു. അസ്മി ഭാരവാഹികളായ കമറുദ്ധീൻ പരപ്പിൽ, ഷാഫി മാസ്റ്റർ ആട്ടീരി, പി.പി ആരിഫ്, സലാം ഫറോക്ക്, ശരീഫ് ചുഴലി, മുഹ്സിൻ മണക്കടവ്, സാദിഖ് വാഫി നേതൃത്വം നൽകി. അസ്മി കൺവീനർ അബ്ദു റഷീദ് കബളക്കാട് സ്വാഗതവും മുഹമ്മദ് അലി പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.