അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽത്തന്നെ അതിനുള്ള കാരണം എഴുതിനൽകണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങൾക്കും നിർബന്ധമാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഈ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ അറസ്റ്റും തുടർനടപടിയായ റിമാൻഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മുംബൈയിൽ ആഡംബരക്കാറിടിച്ച് സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിവസേനാ (ഷിന്ദേ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ വിധി. മിഹിർ ഷായുടെ ഇടക്കാല ജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു. ഈ കേസിലെ നടപടിക്രമം പാലിക്കാത്ത അറസ്റ്റിനെ ബോംബെ ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിക്കാതിരുന്നതിനെതിരെ മിഹിർ ഷാ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഇതുവരെ പി.എം.എൽ.എ. (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം), യു.എ.പി.എ. (സംഘടിത കുറ്റകൃത്യം തടയൽ നിയമം) പോലുള്ള പ്രത്യേക കേസുകളിൽ മാത്രമാണ് അറസ്റ്റിന് മുൻപ് കാരണം എഴുതിനൽകണമെന്ന നിബന്ധന നിർബന്ധമായിരുന്നത്. എന്നാൽ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള മുഴുവൻ കുറ്റങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് വ്യാഴാഴ്ചത്തെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.
അറസ്റ്റിനുള്ള കാരണം അറിയാനുള്ള വ്യക്തിയുടെ അവകാശം ഭരണഘടനയുടെ 22 (ഒന്ന്) അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണ്. കാരണം അറിയിക്കാതിരിക്കുന്നത് ഈ മൗലികാവകാശത്തിൻ്റെയും, ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു.
കുറ്റം ഉടൻ എഴുതിനൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ കാരണം വാക്കാൽ അറിയിക്കാവുന്നതാണ്. എന്നാൽ, റിമാൻഡ് നടപടികൾക്കായി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അറസ്റ്റിനുള്ള കാരണം എഴുതിനൽകിയിരിക്കണമെന്നും സുപ്രീംകോടതി വിധിയിൽ കർശനമായി നിർദേശിച്ചിട്ടുണ്ട്.
