പാക് ആഭ്യന്തര മന്ത്രിയും പി.സി.ബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസത്തിന് ഇരയാകുകയാണ്. ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിവാദമായ അബദ്ധം സംഭവിച്ചത്.
ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച നഖ്‌വി, അടിക്കുറിപ്പായി ഷഹബാസ് ഷരീഫിന് പകരം ‘നവാസ് ഷെരീഫിനൊപ്പം’ എന്നാണ് രേഖപ്പെടുത്തിയത്. സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ പേര് പോലും തെറ്റായി എഴുതിയ പി.സി.ബി ചെയർമാനെ പാക് ആരാധകർക്കൊപ്പം മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും ട്രോളുകളുമായി രംഗത്തെത്തി.
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള ഗൗരവകരമായ ആലോചനയിലാണ് പാകിസ്ഥാൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിൽ പാകിസ്ഥാൻ ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി നഖ്‌വി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി 30 വെള്ളിയാഴ്ചയോ ഫെബ്രുവരി 2 തിങ്കളാഴ്ചയോ ഔദ്യോഗികമായി അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
