അനശ്വര കലാകാരൻ ശ്രീനിവാസന്റെ വേർപാടിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. “മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി” എന്നാണ് ശ്രീനിവാസന്റെ വിയോഗത്തെക്കുറിച്ച് അദ്ദേഹം കുറിച്ചത്. ദശകങ്ങളോളം ചലച്ചിത്ര ലോകത്തിന്റെ സർവ്വ മേഖലകളിലും തിളങ്ങിനിന്ന ശ്രീനിവാസൻ, സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക അവശതകൾക്കിടയിലും തന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു. “അവസാനം കണ്ടപ്പോഴും അദ്ദേഹം അത്യന്തം ഊർജ്ജസ്വലനായ ചിന്തകനായിരുന്നു. നർമ്മത്തിന്റെ മേമ്പൊടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കാൻ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിലെ കലാകാരനെ രൂപപ്പെടുത്തിയത്. ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവ ഹൃദ്യമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗശേഷി എന്നും മാതൃകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കാലത്തിന്റെ ‘അക്കരെ അക്കരെ അക്കരെ’ നിന്നും ആ മഹാപ്രതിഭ ഇനിയും സിനിമാ ലോകത്തിന് നിത്യ പ്രചോദനമാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശ്രീനിവാസന്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം തന്റെ അനുശോചന കുറിപ്പിൽ വ്യക്തമാക്കി. മലയാള സിനിമയിലെ ഒരു വലിയ അധ്യായത്തിനാണ് ഇതോടെ അന്ത്യമായത്.
