ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മാറ്റിവച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. വഞ്ചനാ ആരോപണങ്ങളും സ്വകാര്യ ചാറ്റുകൾ ചോർന്നുവെന്ന വാർത്തകളും വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങൾക്കും ആക്കം കൂട്ടിയിരുന്നു. എന്നാൽ, ഈ ഊഹാപോഹങ്ങൾക്കിടെ ഇരുവരും ഇൻസ്റ്റഗ്രാം ബയോയിൽ വരുത്തിയ പുതിയ മാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ബയോയിലെ ‘നസ്സർ’ ഇമോജി
സ്മൃതി മന്ദാനയും പലാഷ് മുച്ചലും തങ്ങളുടെ ഇൻസ്റ്റഗ്രാം ബയോയിൽ ‘നസ്സർ’ (നീലക്കണ്ണ്) ഇമോട്ടിക്കോൺ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. ‘ഈവിൾ ഐ’ അഥവാ ദൃഷ്ടിദോഷം ഒഴിവാക്കുക എന്ന അർത്ഥത്തിലാണ് പലരും ഈ ചിഹ്നം ഉപയോഗിക്കുന്നത്.
പലാഷുമായുള്ള വീഡിയോകൾ സ്മൃതി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുകയും, പിന്നീട് പലാഷിന്റേതെന്ന പേരിൽ ചില ചാറ്റുകളും സ്ക്രീൻഷോട്ടുകളും പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. വിവാഹം മാറ്റിവച്ചതിനെക്കുറിച്ച് ഇരു കുടുംബങ്ങളും പ്രതികരിക്കാതിരുന്നതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.
പ്രശ്‌നങ്ങളില്ലെന്ന് ആരാധകർ
ഇതോടെ ഇൻസ്റ്റഗ്രാം ബയോയിലെ ഈ മാറ്റം യാദൃശ്ചികമല്ലെന്നും, ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നുമാണ് ആരാധകർ ഉറപ്പിക്കുന്നത്. ഈ അപ്‌ഡേറ്റിലൂടെ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, പുറത്തുനിന്നുള്ള ദൃഷ്ടിദോഷം ഒഴിവാക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നുമാണ് ആരാധകപക്ഷം. ഇരുവരുടെയും ബന്ധം തകർന്നുവെന്ന പ്രചാരണങ്ങൾക്കിടെ ഈ പുതിയ നീക്കം ആരാധകർക്ക് ആശ്വാസം നൽകിയിരിക്കുകയാണ്. വിവാഹം ഉടൻ നടക്കുമെന്ന് പ്രതികരിച്ച് പലാഷിന്റെ അമ്മയും നേരത്തെ രംഗത്തെത്തിയിരുന്നു.
