അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് ഇൻഡിഗോ ഒരു സർവീസ് കൂടി ആരംഭിക്കുന്നു

അബുദാബി: ഇൻഡി​ഗോ എയർലൈൻസ് അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കാനൊരുങ്ങുന്നു. മധുരയിലേക്കാണ് നേരിട്ടുള്ള ഒരു സർവീസ് കൂടി ആരംഭിച്ചിരിക്കുന്നത്. ജൂൺ 13നായിരിക്കും സർവീസ് ആരംഭിക്കുക.

ഇൻ‍ഡി​ഗോ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 16ാമത്തെ ഇന്ത്യൻ ന​ഗരമാണ് മധുര. ഇന്ത്യയിലെ ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡി​ഗോ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധുരയിലേക്കും സർവീസ് തുടങ്ങുന്നതിന്റെ പ്രഖ്യാപനം എയർലൈൻസ് അധികൃതർ നടത്തിയത്.

അബുദാബി-മധുര സർവീസുകൾ ആഴ്ചയിൽ മൂന്ന് തവണയായിരിക്കും ഉണ്ടാകുക. അവധിക്കാല തിരക്കും ടിക്കറ്റ് നിരക്ക് വർധനയും കണക്കിലെടുത്ത് പുതിയ സർവീസ് ഇന്ത്യക്കാരായ യാത്രക്കാരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കുമെന്നാണ് എയർലൈൻസ് കമ്പനി അധികൃതർ അറിയിച്ചത്.

മധുര പോലുള്ള ഇന്ത്യയിലെ ചെറിയ ന​ഗരങ്ങളെ പ്രധാനപ്പെട്ട ആ​ഗോള കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ കൂടുതൽ അവസരങ്ങൾ തുറക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇൻഡി​ഗോ എയർലൈൻസ് അധികൃതർ അറിയിച്ചു. നേരിട്ടുള്ള സർവീസുകൾ വരുന്നതോടെ മധുരയിൽ നിന്ന് യുഎഇയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കാർഷിക ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ എളുപ്പത്തിൽ അയയ്ക്കാൻ സാധിക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *