ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കന്നഡ നടി ദിവ്യ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഈ മാസം നാലിന് ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തുവെച്ചാണ് ബൈക്ക് യാത്രികരായ മൂന്നു പേരെ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിന് ശേഷവും കാർ നിർത്താതെ പോകുകയായിരുന്നു. ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെയാണ് നടി ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. കാർ അമിത വേഗതയിലായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികരായ മൂന്നു പേർക്കും പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വാഹനം നടി ദിവ്യയുടേതാണെന്നു തിരിച്ചറിഞ്ഞു. അപകടസമയത്ത് വാഹനം ഓടിച്ചത് താരം ആയിരുന്നെന്നും വ്യക്തമായി. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ പൊലീസ് കേസെടുത്തത്. കാർ പിടിച്ചെടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി പറഞ്ഞു.
