സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് 5,750 കിലോ ചെറുമത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത കിളിമീനും ഉലുവാച്ചി മീനുകളുമാണ് ബോട്ടിൽ നിന്നും കണ്ടെടുത്തത്. എറണാകുളം പള്ളിപ്പുറം സ്വദേശി കടുവാങ്കശ്ശേരി വീട്ടിൽ ലളിതയുടെ പേരിലുള്ള പാദുവ ആന്റണി എന്ന ബോട്ടാണ് പിടികൂടിയത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി ഗ്രേസിയുടെ നിർദ്ദേശാനുസരണം നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടൽ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ബോട്ട് ഉടമയിൽ നിന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് 2.5 ലക്ഷം രൂപ പിഴ ഈടാക്കുകയും ഉപയോഗ യോഗ്യമായ മത്സ്യം ലേലം ചെയ്ത് ലഭിച്ച തുകയായ 1,78,650 രൂപ ട്രഷറിയിൽ അടപ്പിക്കുകയും ചെയ്തു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ ഉദ്യോഗസ്ഥർ പുറംകടലിലേക്ക് ഒഴുക്കി വിട്ടു.
തൃശൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.കെ മനോജ്, ഫിഷറീസ് ഓഫീസർ സഹന ഡോൺ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു, വി.എൻ പ്രശാന്ത് കുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ ഫസൽ, പ്രസാദ്, കൃഷ്ണ പ്രസാദ്, സിജീഷ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.
