Home » Blog » kerala Max » അധ്യാപികമാർ ലഹരിക്കേസിൽ അറസ്റ്റിലായ സംഭവം; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്
vadakarad-680x450

കോഴിക്കോട്: വടകരയിൽ സ്കൂൾ അധ്യാപികമാർ പ്രതികളായ എംഡിഎംഎ ലഹരിക്കേസിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം. കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് എസ്എസ്‌കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരെയാണ് കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

പ്രതികളായ അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രീകരിച്ച് അന്വേഷണസംഘം പരിശോധന ശക്തമാക്കി. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന അധ്യാപികമാരുടെ അക്കൗണ്ടുകൾ വഴി കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 9 ലക്ഷം രൂപയും എത്തിയിരുന്നു. ഈ തുക ലഹരി വൽപ്പനയിലൂടെ നേടിയതാണെന്നാണ് പോലീസിന്റെ നിഗമനം.

ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ച വിദേശ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ലഹരി വ്യാപാരാവശ്യങ്ങൾക്കായി ഉപയോഗിച്ച ഈ നമ്പറുകൾ വഴി വിദേശത്ത് നിന്ന് സാമ്പത്തിക സഹായമോ മറ്റ് പിന്തുണയോ ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നിലവിലെ നീക്കം.