കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സാന്ദ്രയുടെ കുടുംബം രംഗത്തെത്തി. സായിയിലെ അധ്യാപകനായ രാജീവ് തന്റെ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും, ഇക്കാര്യം സാന്ദ്ര മുൻപ് വെളിപ്പെടുത്തിയിരുന്നതായും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപകനെതിരെ സാന്ദ്രയുടെ കുടുംബം കൊല്ലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് എസിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹോസ്റ്റലിലെ സഹപാഠികൾ, അധ്യാപകർ, സായ് അധികൃതർ എന്നിവരിൽ നിന്ന് സംഘം വിശദമായ മൊഴിയെടുക്കും. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ഉന്നയിക്കപ്പെട്ട ആരോപണങ്ങളും ഗൗരവമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.
രാജീവ് എന്ന അധ്യാപകൻ മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും, ഇതേത്തുടർന്ന് പരീക്ഷ കഴിഞ്ഞാലുടൻ പഠനം നിർത്തി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു മകളെന്നും പിതാവ് പറഞ്ഞു. മരണദിവസം രാവിലെ ആറുമണിക്ക് രാജീവ് സർ ഫോണിൽ വിളിച്ച് ഉടൻ സായിലേക്ക് എത്താൻ ആവശ്യപ്പെട്ടുവെന്നും, എന്നാൽ പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പിന്നാലെ സിഐ വിളിച്ച് മകൾക്ക് അപകടം പറ്റിയെന്ന് പറഞ്ഞ് ഉടൻ എത്താൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവിടെ എന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, മകളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും പിതാവ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
കോഴിക്കോട് കടലുണ്ടി സ്വദേശി അമ്പാളി രവിയുടെ മകൾ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ സ്വദേശി വേണുവിന്റെ മകൾ വൈഷ്ണവി (15) എന്നിവരെയാണ് കൊല്ലം സായ് (SAI) ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈഷ്ണവി പത്താം ക്ലാസ് വിദ്യാർത്ഥിനിയും സാന്ദ്ര പ്ലസ് വൺ വിദ്യാർത്ഥിനിയുമായിരുന്നു. ഇരുവരുടെയും പോക്കറ്റുകളിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ പരിശീലനത്തിന് ഇരുവരും എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സെക്യൂരിറ്റിയും പരിശീലകരും ചേർന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രണ്ട് ഫാനുകളിലായി ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സായ് റീജിയണൽ ഡയറക്ടർ വിഷ്ണു സുധാകരനും വിഷയത്തിൽ വിശദമായ അന്വേഷണം ഉറപ്പുനൽകിയിട്ടുണ്ട്.
