Home » Blog » kerala Max » അധികാരമേറ്റയുടൻ ഇന്ത്യയെ പരി​ഗണിച്ച് താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം
11

ധാക്ക: ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പിന്നീടുമ്പോഴാണ് നടപടി. രണ്ടുമാസം മുൻപാണ് ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ പിറ്റേദിവസമാണ് ഈ നീക്കം. ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ തകർച്ചയെയും തുടർന്ന് ഇരുരാജ്യങ്ങളും ഡിസംബറിൽ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു, ഇത് ഇന്ത്യാവിരുദ്ധ നിലപാട് ശക്തമാക്കി. കടുത്ത നയതന്ത്ര പിരിമുറുക്കങ്ങൾക്കും ഇടയാക്കി.

മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നുവരവും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സേവനങ്ങൾ പുനഃരാരംഭിച്ചതായി ബംഗ്ലാദേശ് ഹൈക്കമ്മിഷൻ അറിയിച്ചു. ഇന്ത്യക്കാർക്ക് എല്ലാ വിഭാഗത്തിലുള്ള വിസ സേവനങ്ങളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു