Home » Blog » Kerala » അത്യാധുനിക സി സി ടി വി സംവിധാനം: സേഫ് കോറിഡോർ പ്രൊജക്റ്റിന് തുടക്കമായി  
K.Rajan

സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച അത്യാധുനിക ശേഷിയുള്ള സിസിടിവി നിരീക്ഷണ സംവിധാനം സേഫ് കോറിഡോർ പ്രൊജക്റ്റ് സ്വിച്ച് ഓൺ കർമ്മവും പ്രവർത്തന ഉദ്ഘാടനവും നടത്തറ സിഗ്നൽ പരിസരത്ത് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 32. 5 കിലോമീറ്റർ ദൂരം ഇനി മാലിന്യം വലിച്ചെറിയൽ, വണ്ടി ഇടിച്ചിട്ട് നിർത്താതെ പോകൽ, തുറന്ന റോഡിലെ മയക്കുമരുന്ന് കച്ചവടം, കവർച്ച ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്ക് പിടി വീഴുമെന്ന് മന്ത്രി പറഞ്ഞു. നാടിന് സഹായകരമാകുന്ന ഒല്ലൂർ നിയോജക മണ്ഡലത്തിലെ ദേശീയ പാതയെ സുരക്ഷിതമാക്കുന്ന ഈ പദ്ധതിയിലൂടെ ക്യാമറ കണ്ണുകളിൽ പതിയുന്ന കാര്യങ്ങൾ ഏത് സമയത്തും ഒരു ഡോക്യുമെന്റ് എവിഡൻസായി പോലീസിന് ലഭ്യമാക്കാനാകുമെന്നത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി കുട്ടി ചേർത്തു. പദ്ധതിയുടെ നാൾവഴികളെ കുറിച്ചും മന്ത്രി സംസാരിച്ചു.ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു.

തൃശ്ശൂർ ജില്ലയിലൂടെ കടന്നുപോകുന്ന ഏറ്റവും ജനത്തിരക്കേറിയ നാഷണൽ ഹൈവേയാണ് എൻ.എച്ച്. 544. ഇവിടെ 24 മണിക്കൂറും സാന്നിധ്യവും ശക്തമായ സുരക്ഷാനിരീക്ഷണ സംവിധാനവും ഒരുക്കുന്നതിന്റെ ഭാഗമായി കേരളാ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് 1.82 കോടി രൂപ ചിലവഴിച്ചുകൊണ്ടാണ് 60 ഓളം ക്യാമറകൾ സ്ഥാപിച്ചുകൊണ്ടുള്ള അത്യാധുനിക ശേഷിയുള്ള നിരീക്ഷണ സംവിധാനം സാധ്യമാക്കുന്നത്.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ കുറച്ചു കൊണ്ടുവരുന്നതിനും കുറ്റവാളികളെ അതിവേഗം കണ്ടെത്തുന്നതിനും സാധിക്കും. അതുവഴി സമൂഹത്തിൽ സുരക്ഷിതത്വം വർദ്ധിക്കുകയും ചെയ്യും. അതിനാൽ സേഫ് കോറിഡോർ പ്രൊജക്റ്റ് അത്യാധുനിക പോലീസ് സംവിധാനത്തിന് ഏറെ ഫലപ്രദമാണ്.

പ്രോജക്റ്റിന്റെ ഭാഗമായി ഒൻപത് ലൊക്കേഷനുകളിലായി 32 എ എൻ പി ആർ ക്യാമറകൾ, അഞ്ച് ലൊക്കേഷനുകളിലായി 14 സ്പീഡ് ക്യാമറകൾ, എട്ട് ലൊക്കേഷനുകളിലായി എവിഡൻസ് ക്യാമറകൾ എന്നിവയും ജില്ലാ ക്യാമറ കൺട്രോളിൽ അത്യാധുനിക നിരീക്ഷണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ് സ്വാഗതവും തൃശൂർ സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ. സി സേതു നന്ദിയും പറഞ്ഞു.

നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജോബി ജോസ്, തൃശൂർ എ സി പി (ഇൻചാർജ്) ശശിധരൻ , കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ അനീസ് അഹമ്മദ്, കെ എസ് ഇ ബി എക്സിക്യൂട്ടിവ് എഞ്ചിനിയർ ജിജി ഫ്രാൻസിസ്, ദേശീയ പാത അതോറിറ്റി പാലക്കാട് പി ഐ യു പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോലീസ്, റോഡ് സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.