Home » Blog » Kerala » അതിര്‍ത്തി വനമേഖല സുരക്ഷയ്ക്ക് സ്റ്റാഫ് ബാരക്ക്; ഫെബ്രുവരി 22ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
images - 2026-02-20T173311.146

അതിര്‍ത്തി വനമേഖലകളിലെ സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ബന്തടുക്ക സെക്ഷനിലെ പാണ്ടിയില്‍ ആധുനിക സ്റ്റാഫ് ബാരക്ക് സജ്ജമായി. ഫെബ്രുവരി 22ന് വൈകുന്നേരം മൂന്നിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപകമായ വനവിസ്തൃതിയും കാരണം വെല്ലുവിളികള്‍ നിറഞ്ഞ മേഖലയായ ബന്തടുക്കയില്‍ ഉദ്യോഗസ്ഥരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പരസ്പരം അകന്ന് സ്ഥിതിചെയ്യുന്ന രണ്ട് ബീറ്റുകള്‍ ഉള്‍പ്പെടുന്ന ബന്തടുക്ക മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള താമസസൗകര്യങ്ങള്‍ ഇതുവരെ പരിമിതമായിരുന്നു. ഇതുമൂലം രാത്രികാല പട്രോളിംഗും പരിശോധനകളും കാര്യക്ഷമമായി നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ചില അവസരങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ സാഹചര്യം ദുരുപയോഗം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ സ്റ്റാഫ് ബാരക്ക് നിര്‍മാണം ആരംഭിച്ചത്.

നബാര്‍ഡ് ട്രാഞ്ച് തതഢകക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.2 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റാഫ് ബാരക്കും ചുറ്റുമതിലും നിര്‍മ്മിച്ചത്. നിര്‍മാണം ഉന്നത നിലവാരത്തില്‍ പൂര്‍ത്തീകരിച്ചത് കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ആണ്. ജില്ലയില്‍ പുതുതായി അനുവദിച്ച ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനായ ബന്തടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഈ ആസ്ഥാനത്ത് തന്നെയാണ് എന്നത് പദ്ധതിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ബാരക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ അതിര്‍ത്തി വനമേഖലകളില്‍ ശക്തമായ രാത്രികാല നിരീക്ഷണവും സമയബന്ധിത പരിശോധനകളും ഉറപ്പാക്കാന്‍ കഴിയും.

ഉദ്യോഗസ്ഥരുടെ സേവന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കേന്ദ്രം പ്രധാന ആസ്ഥാനമായി മാറും. കാസര്‍കോടിന്റെ ഹരിതസമൃദ്ധി സംരക്ഷിക്കാനും വന്യജീവികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും പ്രതിബദ്ധതയുടെ തെളിവാണ് പാണ്ടിയിലെ ഈ ആധുനിക സ്റ്റാഫ് ബാരക്ക്.