ഭർത്താവിന്റെ കാൻസർ ചികിത്സാ ചെലവുകളും സ്കൂളിൽ പഠിക്കുന്ന രണ്ട് കുഞ്ഞുമക്കളുടെ ഭാവിയുമെല്ലാം കാവാലം സ്വദേശിയായ മഞ്ജുഷയുടെ ജീവിതം ഒരിക്കൽ ഇരുട്ടിലാഴ്ത്തിയിരുന്നു. താമസിക്കാൻ സ്വന്തമായി വീട് പോലുമില്ലാതെ ദുരിതസാഹചര്യങ്ങൾക്ക് മുന്നിൽ പകച്ചുനിന്ന മഞ്ജുഷയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലൂടെ തെളിഞ്ഞത് പ്രതീക്ഷയുടെ പുതുവെളിച്ചമാണ്.
കാവാലം പഞ്ചായത്ത് പത്താം വാർഡിൽ മനോജ് ഭവനിൽ മഞ്ജുഷയെ അവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി അതിദരിദ്രരുടെ പട്ടികയിൽ പഞ്ചായത്ത് ഉൾപ്പെടുത്തിയതോടെയാണ് ജീവിതത്തിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടിയത്. തുടർന്ന് വെളിയനാട് ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിൻ്റെ സഹായത്തിൽ ലഭിച്ച അഞ്ച് സെന്റ് ഭൂമിയിൽ ലൈഫ് പദ്ധതിയിലൂടെ വീട് എന്ന സ്വപ്നം ആദ്യമേ സർക്കാർ യാഥാർത്ഥ്യമാക്കി. കൂടാതെ ഭർത്താവ് മനേഷിന്‍റെ ചികിത്സയ്ക്കായി പ്രത്യേക സഹായം നൽകുകയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മഴവെള്ള സംഭരണിയും നിർമിച്ച് നൽകുകയും ചെയ്തു. ശേഷം കുടുംബത്തിന് സ്ഥിരമായ ഉപജീവന മാർഗ്ഗം ഒരുക്കുന്നതിന് ആദ്യഘട്ടത്തിൽ സർക്കാർ ഒരു പശുവിനെ നൽകി. പശുവളർത്തലിൽ നിന്ന് ലഭിച്ച വരുമാനം അവരുടെ ആത്മവിശ്വാസം കൂട്ടിയതോടെ ‘ഉജ്ജീവനം’ പദ്ധതിയിലൂടെ മറ്റൊരു പശുവിനെ കൂടി വാങ്ങി. മിൽമയുടെ സബ്സിഡി സ്കീമിലൂടെ പിന്നീട് രണ്ട് പശുക്കളെ കൂടി സ്വന്തമാക്കിയ
മഞ്ജുഷയുടെ തൊഴുത്തിൽ ഇപ്പോൾ നാല് പശുക്കളും നാല് കിടാവുകളുമുണ്ട്. ഒരിക്കൽ ദാരിദ്ര്യത്തിന്റെയും രോഗത്തിൻ്റെയും ഇരുട്ടിലാഴ്ന്ന മഞ്ജുഷയുടെ കുടുംബം ഇന്ന് ആത്മവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണുകയാണ്. ശരിയായ സമയത്ത് ലഭിച്ച സർക്കാരിന്റെ കൈത്താങ്ങ് തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചുമെന്നും ഇതിലൂടെ പ്രതീക്ഷയുടെ പുത്തൻ വഴി തുറന്നു തുറന്നുവെന്നും മഞ്ജുഷ അഭിമാനത്തോടെ പറയുന്നു.
ഒക്ടോബർ 31 ന് ആലപ്പുഴ ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനസർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി മഞ്ജുഷയെ പ്പോലുള്ള ആയിരങ്ങൾക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമായി മാറിയിരിക്കുകയാണ്.
