അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബിസിസിഐ അസാധാരണ നടപടികൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. സാധാരണയായി നടക്കുന്ന അവലോകന യോഗത്തിന് പുറമേ, ടീമിന്റെ പരാജയത്തിൽ ടീം മാനേജ്മെന്റിനോട് വിശദീകരണം തേടാനും ബിസിസിഐ തീരുമാനിച്ചുവെന്നാണ് വിവരം. ഫൈനലിൽ ഇന്ത്യ 191 റൺസിന്റെ വലിയ തോൽവിയാണ് വഴങ്ങിയത്.
ടൂർണമെന്റിലുടനീളം ഇന്ത്യയുടെ പ്രകടനം വിശദമായി വിലയിരുത്താനാണ് ബിസിസിഐയുടെ നീക്കമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. റിവ്യൂ മീറ്റിംഗിന് പുറമെ, തോൽവിയെക്കുറിച്ച് പരിശീലകനോടും ക്യാപ്റ്റനോടും ബിസിസിഐ ഭാരവാഹികൾ നേരിട്ട് സംസാരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഡിസംബർ 22 തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓൺലൈൻ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം.
ഡിസംബർ 21ന് നടന്ന ഫൈനൽ മത്സരത്തിനിടെ ചില ഇന്ത്യൻ താരങ്ങൾ കാണിച്ച അതിരുകടന്ന പെരുമാറ്റവും ചർച്ചാവിഷയമായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മത്സരത്തിനിടയിൽ ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായി ആഘോഷിച്ച പാക് പേസർ അലി റാസയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
പ്രകോപനം തുടർന്നതോടെ ആയുഷും റാസയ്ക്ക് നേരെ തിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയും അലി റാസയുമായി വാക്പോരിൽ ഏർപ്പെട്ടു. പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വൈഭവിനോട് റാസ ആക്രോശിച്ചതോടെയാണ് സംഭവം കൂടുതൽ രൂക്ഷമായത്. പാക് താരത്തിന്റെ പ്രകോപനം തുടർന്നതോടെ വൈഭവും തിരിച്ചുപ്രതികരിച്ചുവെന്നും, തന്റെ ഷൂസിലേക്കു വിരൽ ചൂണ്ടിക്കാണിച്ചാണ് വൈഭവ് പ്രതികരിച്ചതെന്നുമാണ് റിപ്പോർട്ട്
