Home » Blog » Kerala » അടിമുടി അഴിമതി വളയം; ദേവസ്വം ജീവനക്കാർക്കെതിരെ വിജിലൻസ് റിപ്പോർട്ട്!
sabarimala-680x450

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കെ, ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കൂടുതൽ അഴിമതി വിവരങ്ങൾ പുറത്തുവരുന്നു. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷാൽ ചടങ്ങുകളിൽ ഒന്നായ ‘പടിപൂജ’ വഴിപാട് ബുക്കിംഗിലും വലിയ രീതിയിലുള്ള ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ഗൗരവകരമായ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഭക്തർ ഭക്തിപൂർവ്വം നടത്തുന്ന വഴിപാടുകളുടെ മുൻഗണനാക്രമത്തിലും അനുമതി നൽകുന്നതിലും അവിഹിതമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് പുറമെ ഇത്തരം ചടങ്ങുകളിലും അഴിമതി പടരുന്നത് ദേവസ്വം ഭരണരംഗത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വിശേഷാൽ പൂജകൾക്കായുള്ള സ്ലോട്ടുകൾ ദേവസ്വം ജീവനക്കാരും അവരുടെ ബിനാമികളും മുൻകൂട്ടി കൈക്കലാക്കുന്നതാണ് പ്രധാന ക്രമക്കേട്. ഭക്തർക്ക് നേരിട്ട് ബുക്ക് ചെയ്യാൻ സാധിക്കാത്ത വിധം ഈ സ്ലോട്ടുകൾ തടഞ്ഞുവെച്ച ശേഷം, പിന്നീട് വലിയ തുകയ്ക്ക് മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗികമായി 1.37 ലക്ഷം രൂപ മാത്രം നിരക്കുള്ള പടിപൂജയ്ക്ക്, ഇടനിലക്കാർ ഭക്തരിൽ നിന്ന് പത്തിരട്ടി വരെ അധികതുക ഈടാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ട് നടത്തുന്ന ഈ കൊള്ള അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് അടിയന്തരമായി ഇടപെടണമെന്നാണ് വിജിലൻസ് ശുപാർശ ചെയ്യുന്നത്.

തട്ടിപ്പ് മറച്ചുവെക്കാന്‍ രേഖകളില്‍ കൃത്രിമം കാണിക്കുന്ന നിലയും വ്യാപകമാണ്. വഴിപാടുകള്‍ക്കും ചടങ്ങുകള്‍ക്കും പണം നല്‍കിയ യഥാര്‍ത്ഥ ഭക്തരുടെ പേരുകള്‍ ടിഡിബി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പടിപൂജ ബുക്ക് ചെയ്തവരില്‍ പലരും ചടങ്ങ് നടത്തിയിട്ടില്ല. ഇത്തരം സ്ലോട്ടുകള്‍ മറിച്ചുവില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘തങ്ക അങ്കി ചാര്‍ത്ത്, അഷ്ടാഭിഷേകം, സഹസ്രകലശം, ഉദയാസ്തമയ പൂജ, പുഷ്പാഭിഷേകം, കലശാഭിഷേകം തുടങ്ങിയ വഴിപാടുകളിലും ഇത്തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. തങ്ക അങ്കി ചാര്‍ത്ത്, അഷ്ടാഭിഷേകം എന്നിവയ്ക്ക് 2035 വരെയും, സഹസ്രകലശത്തിന് 2030 വരെയും സ്ലോട്ടുകള്‍ ഒഴിവില്ലെന്നിരിക്കെയാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

ശബരിമല സന്നിധാനത്ത് മുറികൾ അനുവദിക്കുന്നതിലും വിഐപി ദർശനം സുഗമമാക്കുന്നതിലും ദേവസ്വം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെട്ട വലിയ അഴിമതി ശൃംഖല പ്രവർത്തിക്കുന്നതായി വിജിലൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സമ്പന്നരായ ഭക്തരിൽ നിന്ന് പണം വാങ്ങി പ്രീമിയം താമസസൗകര്യങ്ങളും ദർശനവും പൂജാ സ്ലോട്ടുകളും ക്രമീകരിച്ചു നൽകുന്നതിലൂടെ ദേവസ്വം ഉദ്യോഗസ്ഥർ പലപ്പോഴും ട്രാവൽ ഓപ്പറേറ്റർമാരുടെ ഏജന്റുമാരായി മാറുന്ന സാഹചര്യമാണുള്ളത്. കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തിനിടെ ശബരിമലയിൽ നടന്ന നിരവധി താൽക്കാലിക നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഇത്തരം ക്രമക്കേടുകൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.