ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവിയായ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റിന്റെ പുതിയ രൂപം ഔദ്യോഗികമായി പുറത്തിറക്കി. വാഹനത്തിന്റെ പെട്രോൾ പതിപ്പിന് ലഭിച്ച പരിഷ്കാരങ്ങൾക്ക് പിന്നാലെയാണ് ഇലക്ട്രിക് പതിപ്പിനെയും ടാറ്റ കൂടുതൽ ആധുനികമാക്കുന്നത്. മുൻഭാഗത്തെ രൂപകൽപ്പനയിലാണ് പ്രധാന മാറ്റങ്ങൾ പ്രകടമാകുന്നത്.
നേരത്തെ ഹെഡ്ലാമ്പുകൾക്കിടയിൽ ഉണ്ടായിരുന്ന കറുത്ത ട്രിം ഒഴിവാക്കി കൂടുതൽ മിനുസമാർന്ന ‘ക്ലോസ്ഡ്-ഓഫ്’ ഗ്രില്ലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഡിആർഎല്ലുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറും പുനർനിർമ്മിച്ച ബമ്പർ സ്കഫ് പ്ലേറ്റും വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു.
നെക്സോൺ ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളും ഹാരിയറിലെ ‘സൺലിറ്റ് യെല്ലോ’ നിറത്തോടു കൂടിയ ബ്ലാക്ക് റൂഫും പുത്തൻ പഞ്ച് ഇവിയെ കൂടുതൽ ആകർഷകമാക്കുന്നു. വാഹനത്തിന്റെ അകത്തളത്തിൽ ഏറ്റവും പുതിയ ടാറ്റ സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന 12.3 ഇഞ്ച് വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇടംപിടിക്കും. ഇതിനുപുറമെ 10.25 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് എന്നിവയ്ക്കൊപ്പം ലെവൽ 2 ADAS സുരക്ഷാ പാക്കേജും പുതിയ പതിപ്പിൽ പ്രതീക്ഷിക്കുന്നുണ്ട്.
മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെ തന്നെയാകും വാഹനം വിപണിയിലെത്തുക. 25 kWh, 35 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ ചെറിയ പായ്ക്ക് 265 കിലോമീറ്റർ റേഞ്ചും വലിയ യൂണിറ്റ് ഒറ്റ ചാർജിൽ 365 കിലോമീറ്റർ വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.
