സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോർഡ് വിലയിൽ നിന്നാണ് സ്വർണം താഴേക്ക് പതിച്ചത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി താഴ്ന്നു. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിക്ക് 395 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. രാവിലെ ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിൽ എത്തിയതോടെ പവൻ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ വില പവന് 800 രൂപ കുറഞ്ഞ് 1,30,360 ആയി. അവിടെ നിന്നാണ് ഇന്ന് വീണ്ടും 1,25,120 രൂപയിലേക്ക് വില കുത്തനെ ഇടിഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 535 രൂപ കുറഞ്ഞ് 12,845 രൂപയും, 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 415 രൂപ കുറഞ്ഞ് 10,005 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വർണ്ണവിലയിലെ ഈ വൻ മാറ്റം വിപണിയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 15,640 രൂപയാണ് വില (ഇന്നലത്തേക്കാൾ 655 രൂപയുടെ കുറവ്). ഈ വിലയിൽ ജിഎസ്ടി, പണിക്കൂലി, സെസ്സ് എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഉപഭോക്താക്കൾ വാങ്ങുന്ന വിലയിൽ വ്യത്യാസമുണ്ടാകും. വ്യക്തിഗത വായ്പകൾക്ക് ഡിമാൻഡ് കുറയുന്ന സാഹചര്യത്തിൽ സ്വർണ്ണപ്പണയത്തിന് കൂടുതൽ ഇളവുകൾ വരാനും സാധ്യതയുണ്ട്.
