കൊച്ചി: വ്യാജ പീഡനക്കേസിൽ കുടുക്കിയെന്നാരോപിച്ച് ദമ്പതിമാർ ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ കേസിലെ പരാതിക്കാരിയായ യുവതിയും കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജൂലൈ 21 ചൊവ്വാഴ്ച രാത്രിയാണ് കുറുമശ്ശേരി സ്വദേശിനിയായ യുവതി സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
നേരത്തെ, കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയും ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പരാതിക്കാരിയായ യുവതിയും വിനുവും മുൻപ് സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവതി മറ്റൊരു വിവാഹം കഴിച്ചശേഷമാണ് വിനുവിനെതിരെ വ്യാജ പീഡന പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും ചില പോലീസുകാരും, പരാതിക്കാരിയുടെ ബന്ധുവായ ഒരു ജഡ്ജിയും ചേർന്ന് തങ്ങളെ വേട്ടയാടുകയാണെന്ന് ഇവർ ആരോപിച്ചു.
ഇതിന്റെ തെളിവുകളടങ്ങിയ വീഡിയോയും കത്തും ഇവർ ആംബുലൻസിൽ കരുതിയിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ സ്വർണ്ണം ആവശ്യപ്പെട്ടതായും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. തങ്ങൾ തമ്മിൽ മുൻപുണ്ടായിരുന്ന സൗഹൃദത്തിന്റെ തെളിവുകളായ ചിത്രങ്ങളും ഇവർ ആംബുലൻസിൽ സൂക്ഷിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനുവിന്റെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇവരെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
