ആഫ്രിക്കൻ പൗരനോട് ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിക്കണമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ രേണു ചൗധരി. പാർട്ടി ശാസിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചിലുമായി രേണു ചൗധരി രംഗത്ത് വന്നത്.
പാർട്ടിയുടെ ഡൽഹി നേതൃത്വം സംഭവത്തിൽ രേണുവിനോട് വിശദീകരണം തേടിയിരുന്നു. ആഫ്രിക്കൻ പൗരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി.
പാർക്ക് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച ആഫ്രിക്കൻ വംശജനോട് കോർപ്പറേഷന് പണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾക്ക് ഹിന്ദി അറിയാതതിനാൽ കോർപ്പറേഷൻ അധികൃതർക്ക് ഇയാളോട് വേണ്ട രീതിയിൽ സംസാരിക്കാൻ സാധിച്ചില്ല. എന്നാൽ ഇന്നും ഹിന്ദി അറിയില്ല എന്നാണ് അയാൾ പറയുന്നത്. അതിനാലാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്നുമാണ് രേണു ഇതിന്റെ വിശദീകരണമായി രംഗത്ത് എത്തിയത്.
സ്പോർട്സിന് ഭാഷയില്ല. ഞങ്ങളുടെ കൗൺസിലർ നിങ്ങളോട് പെരുമാറിയത് ഒട്ടും ശരിയായില്ല. സംഭവത്തിൽ അവർ നിങ്ങളോട് ക്ഷമ ചോദിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ താനും ക്ഷമ ചോദിക്കുന്നു എന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ ചൗധരി പറഞ്ഞു.
പത്പർഗഞ്ച് വാർഡിൽ നിന്നുള്ള കൗൺസിലറാണ് രേണു ചൗധരി. മുനിസിപ്പൽ പാർക്കിൽ കുട്ടികൾക്ക് ഫുടബോൾ പരിശീലനം നൽകിയിരുന്ന ആഫ്രിക്കൻ വംശജനെ രേണു ഭീഷണിപ്പെടുത്തുകയായിരുന്നു. 15 വർഷത്തോളമായി ഈ രാജ്യത്ത് നിങ്ങൾ ജീവിക്കുന്നുണ്ട്. എന്നിട്ട് പോലും ആഫ്രിക്കൻ വംശജൻ ഹിന്ദി പഠിച്ചില്ല എന്നതായിരുന്നു രേണുവിന്റെ ഭീഷണിക്ക് കാരണം. ‘നിങ്ങൾ ഇനിയും ഹിന്ദി പഠിച്ചില്ല അല്ലെ? ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കിൽ ഈ പാർക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല’ എന്നായിരുന്നു രേണുവിൻറെ ഭീഷണി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഇവിടുത്തെ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നും അവർ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ രേണു ചൗധരി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വീഡിയോ വൈറലാവുകയും വിവാദമാവുകയും ആയിരുന്നു.
