2026-ലെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഉഭയകക്ഷി കരാറിൽ സൗദിയും ഇന്ത്യയും ഒപ്പുവെച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും ഇന്ത്യൻ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവും ചേർന്ന് ഞായറാഴ്ച ജിദ്ദയിൽ വെച്ചാണ് കരാർ ഒപ്പിട്ടത്. ഇതനുസരിച്ച്, കഴിഞ്ഞ വർഷത്തെ അതേ എണ്ണം നിലനിർത്തിക്കൊണ്ട് 1,75,025 തീർത്ഥാടകർക്ക് തന്നെയായിരിക്കും അടുത്ത വർഷവും ഇന്ത്യയിൽ നിന്ന് ഹജ്ജിന് അവസരം ലഭിക്കുക.
ഹജ്ജ് കരാർ ഒപ്പുവെച്ചതിന് പിന്നാലെ, ഇന്ത്യൻ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ശ്രദ്ധ കേന്ദ്രീകരിച്ചു. താമസം, ഗതാഗതം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. തീർത്ഥാടനം സുഗമവും സുഖകരവുമാക്കാൻ ആവശ്യമായ ഏകോപനവും ലോജിസ്റ്റിക് പിന്തുണയും ശക്തിപ്പെടുത്തുന്ന കാര്യവും ചർച്ചയിൽ ഉൾപ്പെട്ടു. കൂടാതെ, കേന്ദ്രമന്ത്രി കിരൺ റിജിജു ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദ കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരുമായി ഒരു പ്രത്യേക അവലോകന യോഗവും നടത്തി.
