Home » Blog » Kerala » ​സൽമി അതിർത്തിയിൽ വൻ ലഹരിമരുന്ന് വേട്ട; സൗദിയിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ.
images - 2026-03-23T202537.767

കുവൈത്ത്: സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം സൽമി അതിർത്തിയിൽ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. കാറിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 1,391 ലാറിക്ക ഗുളികകളുമായാണ് യാത്രക്കാരൻ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.

പിടിയിലായ യാത്രക്കാരനെതിരെ നിയമനടപടികൾ ആരംഭിച്ചതായും ഇയാളെ കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് അതിർത്തികളിൽ അതീവ ജാഗ്രതയാണ് കസ്റ്റംസ് വിഭാഗം പുലർത്തുന്നത്. അത്യാധുനിക പരിശോധനാ ഉപകരണങ്ങളുടെ സഹായത്തോടെ സംശയാസ്പദമായ സാഹചര്യത്തിൽ എത്തുന്ന വാഹനങ്ങളും ചരക്കുകളും കർശനമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും രാജ്യത്തേക്ക് നിയമവിരുദ്ധമായ വസ്തുക്കൾ എത്തുന്നത് തടയാൻ ഉദ്യോഗസ്ഥർ കാര്യക്ഷമമായി സേവനം തുടരുകയാണെന്ന് കസ്റ്റംസ് വക്താവ് കൂട്ടിച്ചേർത്തു.